കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

Posted on: August 7, 2017 6:43 pm | Last updated: August 7, 2017 at 6:43 pm

അബുദാബി: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി അബുദാബിയില്‍ മരിച്ചു. മദീന സായിദ് സെന്‍ട്രല്‍ പോസ്റ്റോഫീസില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ബല്ലാകടപ്പുറത്തെ ടി എം അബ്ദുല്‍ മജീദാണ് മരിച്ചത്. അബുദാബി ഇലക്ട്ര സ്ട്രീറ്റിലെ എന്‍ എം സി ആശുപത്രിയിലായിരുന്നു മരണം. 40 വര്‍ഷമായി മജീദ് പോസ്റ്റോഫീസില്‍ ജോലി ചെയ്യുന്നു. ഈ വര്‍ഷവസാനം വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അബുദാബി ബല്ലാകടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്നു.

മൂന്ന് മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മജീദിനെ 35 ദിവസം മുമ്പാണ് ഉദര സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചത്. നാട്ടില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ ശ്രമിച്ചെങ്കിലും രോഗം വഷളായതിനാല്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് ഭാര്യ റംലയും മക്കളായ ഹബീബും ഹബീബയും അബുദാബി ആശുപത്രിയിലെത്തി മജീദിനെ പരിചരിച്ചിരുന്നു. ഈയിടെ അവര്‍ നാട്ടിലേക്ക് മടങ്ങി.
പരേതരായ ഹസ്സന്‍ കുഞ്ഞി-ഫാത്വിമ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: അബ്ദുല്ല, അഹ്മദ്, പരേതനായ മുഹമ്മദ് കുഞ്ഞി, ദൈനബി, സാറ. മൃതദേഹം നാളെ രാവിലെ ബല്ലാ കടപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.