രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം; 2018 സായിദ് വര്‍ഷം

Posted on: August 7, 2017 6:32 pm | Last updated: August 7, 2017 at 6:32 pm

അബുദാബി: 2018 ‘ശൈഖ് സായിദ് വര്‍ഷ’മായി ആചരിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. രാഷ്ട്രപിതാവിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വര്‍ഷമായതിനാലാണ് 2018 സായിദ് വര്‍ഷമായി ആചരിക്കുന്നത്. ശൈഖ് സായിദ് അധികാരത്തില്‍ എത്തിയ ആഗസ്റ്റ് ആറിനെ അനുസ്മരിച്ചാണ് കഴിഞ്ഞ ദിവസം ശൈഖ് ഖലീഫ സായിദ് വര്‍ഷത്തിന്റെ പ്രഖ്യാപനം നടത്തിയത്. 1966 ആഗസ്റ്റ് ആറിനാണ് ശൈഖ് സായിദ് അബുദാബിയില്‍ അധികാരമേറ്റെടുത്തത്. പിന്നീട് യു എ ഇ ലോക രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ച്ചയുടെ പാതയിലായിരുന്നു.

അന്തര്‍ദേശീയ തലത്തില്‍ യു എ ഇയുടെ നേട്ടങ്ങളില്‍ ശൈഖ് സായിദിന്റെ കയ്യൊപ്പ് അടയാളപ്പെടുത്തുന്ന ധിഷണാപരമായ കാഴ്ചപ്പാടുകളെ പുതു തലമുറക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്നതിനാണ് സായിദ് വര്‍ഷം. വിഭിന്നങ്ങളായ നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന വിവിധ എമിറേറ്റുകളെ ഏകീകരിച്ച് ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് ലോകത്തു വന്‍ ശക്തിയായി മാറ്റിയെടുത്ത ശൈഖ് സായിദിന്റെ ഭരണ നേതൃപാടവത്തെ അനുസ്മരിക്കുന്ന വിധത്തിലാണ് സായിദ് വര്‍ഷാചരണം കൊണ്ടാടുക. ആഗോളതലത്തില്‍ ലോക നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങിയ ശൈഖ് സായിദിന്റെ ഭരണ നടപടികള്‍കൊണ്ട് ആധുനിക യുഗത്തിലെ വികസനങ്ങളുടെ തേരാളി എന്ന് ശൈഖ് സായിദിനെ വിശേഷിപ്പിച്ചിരുന്നു. യു എ ഇക്കു പുറമെ ഗള്‍ഫ്, അറബ് രാജ്യങ്ങളിലും അന്താരാഷ്ട്ര തലത്തിലും ശൈഖ് സായിദിന്റെ കാരുണ്യ സ്പര്‍ശം ഭരണ കാലഘട്ടത്തില്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ശൈഖ് ഖലീഫ സായിദ് വര്‍ഷ പ്രഖ്യാപന സന്ദേശത്തില്‍ പറഞ്ഞു.

ശൈഖ് സായിദ് അധികാരത്തിലേറിയതോടെ ആധുനിക ഐക്യ യു എ ഇയുടെ പിറവിക്കും നാന്ദി കുറിക്കുകയായിരുന്നു. സാമൂഹിക പുരോഗതി, അഭിവൃദ്ധി, പൗരന്മാരുടെ ഐക്യം എന്നിവ ശൈഖ് സായിദ് ഭരണ സാരഥ്യമേറ്റതോടെ അതി ശീഘ്രം കൈവരിച്ചു. രാജ്യത്തി ന്റെ പൈതൃകത്തിലൂന്നി ആധുനിക മുന്നേറ്റങ്ങളോട് സമരസപ്പെട്ടു പോവാന്‍ രാജ്യത്തെ പാകപ്പെടുത്തിയെടുത്തു. അഭൂതപൂര്‍വമായ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് യു എ ഇയെ കൈപിടിക്കാന്‍ ശൈഖ് സായിദിന്റെ ഭരണ പാടവത്തിനായെന്ന് ശൈഖ് ഖലീഫ ചൂണ്ടിക്കാട്ടി. ഇമറാത്തികളുടെ സ്വത്വം ലോകതലത്തില്‍ ശ്രദ്ധേയമായ രീതിയില്‍ ഉയര്‍ത്തി ക്കൊണ്ടുവരുന്നതിനും ശൈഖ് സായിദിന്റെ ധിഷണാപരമായ കാഴ്ചപ്പാടുകള്‍ വഴിയൊരുക്കിയെന്ന് ശൈഖ് ഖലീഫ അടിവരയിട്ടു.
രാജ്യത്തിന് തന്റെ സര്‍വം സമര്‍പിച്ചു യു എ ഇയെ വികസന കുതിപ്പിന് പ്രാപ്തമാക്കിയ ആ മഹാനുഭാവന്റെ നൂറാം ജന്മദിന വര്‍ഷത്തിലാണ് സായിദ് വര്‍ഷാചരണം ആചരിക്കുക. ഭാവിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന് ശൈഖ് സായിദ് പകര്‍ന്നുതന്ന പാഠങ്ങള്‍ തങ്ങള്‍ പിന്‍പറ്റുകയാണ്. രാജ്യത്തെ ആധുനികതയുടെ ആവശ്യങ്ങളെ നിറവേറ്റുന്ന വിധത്തില്‍ പാകപ്പെടുത്തിയെടുക്കുന്നതിന് ശൈഖ് സായിദിന്റെ കാഴ്ചപ്പാടുകളാണ് തങ്ങള്‍ക്ക് കരുത്തുപകരുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.