ദിലീപിന് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്‍

Posted on: August 7, 2017 10:43 am | Last updated: August 7, 2017 at 1:23 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പകല്‍ സമയങ്ങളില്‍ ദിലീപ് സെല്ലിലുണ്ടാകാറില്ലെന്നും രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നതെന്നും ഇയാള്‍ പറയുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജീവനക്കാരുടെ മുറിയില്‍ എത്തിച്ചാണ് ഭക്ഷണം നല്‍കുന്നത്. തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു.

ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുന്‍പ് നടന്ന ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായാണ് ആലുവ സ്വദേശിയായ സനൂപ് സബ് ജയിലിലെത്തിയത്.