‘ഒളിവ്’ ജീവിതത്തിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തിലെത്തി

Posted on: August 7, 2017 9:21 am | Last updated: August 7, 2017 at 10:45 am

അഹമ്മദാബാദ്: ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പത്ത് ദിവസത്തെ ‘ഒളിവ്’ ജീവിതത്തിന് ശേഷം ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ സംഘം ഗുജറാത്തിലെത്തി. ബെംഗളൂരുവിലെ ബിഡദി ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന എംഎല്‍എമാര്‍ ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിയത്.

പത്ത് എംഎല്‍എമാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. ശേഷിക്കുന്നവര്‍ ഉന്ന് വൈകീട്ടോടെ ഗുജറാത്തിലെത്തും. കനത്ത സുരക്ഷായാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് സ്വകാര്യ ബസില്‍ ബൊര്‍സാദ്അനന്ദ് ഹൈവേയിലെ നിജനാട് റിസോര്‍ട്ടിലെത്തിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് കൂറുമാറുമെന്നു ഭയന്നാണ് ഗുജറാത്തിലെ 44 എംഎല്‍എമാരെ ജൂലൈ 29ന് ബെംഗളൂരുവിനടുത്ത റിസോര്‍ട്ടിലേക്കു മാറ്റിയത്. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ സംരക്ഷണത്തിലായിരുന്നു ഇവര്‍.

നാളെയാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 44 വോട്ടാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായ അഹ്മദ് പട്ടേലിന് ജയിക്കാന്‍ വേണ്ടത്. ആറ് അംഗങ്ങള്‍ രാജിവെച്ചതോടെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 51 ആയി കുറഞ്ഞിരുന്നു.