Connect with us

Editorial

നാവടക്കണോ ജീവനക്കാര്‍?

Published

|

Last Updated

സര്‍ക്കാര്‍ നയങ്ങള്‍ക്കോ നടപടികള്‍ക്കോ എതിരെ പ്രതികരിക്കാന്‍ ജീവനക്കാര്‍ക്ക് അനുവാദമില്ല. ജോലി സമയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നതിനെതിരെയായിരുന്നു ഇതുവരെ വിലക്കെങ്കില്‍ പത്ര,ദൃശ്യ,സാമൂഹിക മാധ്യമങ്ങളിലോ അസോസിയേഷന്‍ യോഗങ്ങളില്‍ പോലുമോ സര്‍ക്കാര്‍ നയങ്ങങ്ങള്‍ സംബന്ധിച്ചു ജീവനക്കാര്‍ അഭിപ്രായം പ്രകടനം നടത്തരുതെന്നാണ് പുതിയ വിജ്ഞാപനത്തിലെ നിര്‍ദേശം. ചട്ടലംഘനം നടത്തുന്നതായി ശദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകും. ജനുവരി 31ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പല ജീവനക്കാരും അത് പാലിക്കാതിരിക്കുകയും സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് പുതുക്കിയത്.

1960 മുതലേ നിലവിലുള്ളതാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്രത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന പെരുമാറ്റച്ചട്ടങ്ങള്‍. ഈ ചട്ടങ്ങള്‍ ഓര്‍മപ്പെടുത്തിയും ദൃഢപ്പെടുത്തിയും മാറിമാറി വന്ന സര്‍ക്കാറുകള്‍ പലപ്പോഴായി സര്‍ക്കുലറുകള്‍ ഇറക്കാറുണ്ടെങ്കിലും സര്‍വീസ് സംഘടനകളില്‍ നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് അവയൊന്നും കര്‍ശനമായി നടപ്പാക്കാറില്ല. വളരെക്കാലം രാജ്യത്ത് നിലനിന്ന കോളനിവത്കൃത സര്‍ക്കാറുകളുടെ നയങ്ങളുടെ പിന്തുടര്‍ച്ചയാണ് 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 60(എ). അത് പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ജീവനക്കാരുടെ പക്ഷം. സുതാര്യതക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും അറിയാനും പറയാനുമുള്ള അവകാശങ്ങള്‍ക്കുമായി നാട്ടിലെമ്പാടും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും നടക്കുന്ന ഇക്കാലത്ത് ജിവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ടെലിവിഷന്‍ ചാനലുകളിലോ കലാസാംസ്‌കാരിക വാര്‍ത്താധിഷ്ഠിത പരിപാടികളിലോ പങ്കെടുക്കരുതെന്നായിരുന്നു ഉത്തരവ്. ഉദ്യോഗസ്ഥര്‍ പുസ്തകങ്ങള്‍ പുറത്തിറക്കുന്നതിനുമുണ്ടായിരുന്നു നിയന്ത്രണം. അവയിലെവിടെയും സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങള്‍ പാടില്ല. പുസ്തകം ദേശവിരുദ്ധമല്ലെന്ന് സത്യവാങ്മൂലം നല്‍കണം തുടങ്ങിയവയായിരുന്നു ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍. ഈ ഉത്തരവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ സര്‍ക്കാര്‍ അത് മരവിപ്പിക്കുകയായിരുന്നു.
സര്‍ക്കാറിന്റെ ഭാഗമാണ് ജീവനക്കാര്‍ എന്ന നിലയില്‍ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ആവശ്യമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിമര്‍ശനങ്ങളോ മേലധികാരികളുമായുള്ള വ്യക്തിവിരോധത്തിന്റെ പേരിലുള്ള വിമര്‍ശനമോ ഒഴിവാക്കണം. സര്‍ക്കാറിന്റെ സത്‌പേരിന് കളങ്കം വരുത്തുന്നതോ പ്രതിരേധത്തിലാക്കുന്നതോ ആയ വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട്. അതേസമയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) പ്രകാരം പൗരന്മാര്‍ക്ക് ആശയാവിഷ്‌കാരങ്ങള്‍ക്ക് സ്വാതന്ത്ര്യമെണ്ടെന്ന കാര്യം വിസ്മരിക്കരുത്. മൗലികാവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദേശിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന മുറക്ക് അത് ഇല്ലാതാവുകയില്ലെന്നും കാമേശ്വര്‍ പ്രസാദും ബിഹാര്‍ഗവണ്‍മെന്റും തമ്മിലുള്ള പ്രസിദ്ധമായ കേസില്‍ സുപ്രീംകോടതി ഓര്‍മപ്പെടുത്തിയതുമാണ്. മൗലികാവകാശം നിഷേധിക്കുന്ന വിധം ഉത്തരവിറക്കാനോ നിയമ നിര്‍മാണം നടത്താനോ ഏതെങ്കിലും ഭരണാധികാര സംവിധാനത്തിന് അധികാരമുണ്ടാവില്ലെന്നാണ് ഈ ഉത്തരവിന്റെ അന്തസ്സത്ത. പൊതുപ്രവര്‍ത്തകര്‍ക്ക് വിമര്‍ശനങ്ങളെ നേരിടാനുള്ള പക്വതയും മാനസിക വിശാലതയും ആവശ്യമാണെന്ന് കഴിഞ്ഞ ആഗസ്തില്‍ ഡി എം ഡി കെ നേതാവ് വിജയകാന്തിനെതിരെ ജയലളിത സര്‍ക്കാര്‍ നല്‍കിയ അപകീര്‍ത്തി കേസ് പരിഗണിക്കുന്ന വേളയിലും സുപ്രീംകോടതി ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളെല്ലാം അപകീര്‍ത്തികരമായി വിലയിരുത്തരുത്. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി കൂടുതല്‍ ഉച്ചത്തില്‍ ശബ്ദിക്കുന്ന ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ വിശേഷിച്ചും. എല്ലാ വിമര്‍ശകരും ശത്രുക്കളാകണമെന്നില്ല. ഗുണകാംക്ഷികളുമുണ്ടാകും. സ്വതന്ത്രമായ രാഷ്ട്രീയ ചര്‍ച്ചകള്‍ ജനാധിപത്യ ഗവണ്‍മെന്റുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അതിനെ പോസിറ്റിവായി കണ്ടു തെറ്റുകള്‍ തിരുത്താന്‍ സന്നദ്ധത കാണിക്കണം. അത്തരക്കാര്‍ക്ക് മാത്രമേ ഉയരങ്ങള്‍ കീഴടക്കാനും ജനവിശ്വാസം ആര്‍ജിക്കാനുമാകുകയുള്ളൂ.

Latest