സി പി എം രക്തസാക്ഷി കുടുംബം രാജ്ഭവന് മുന്നില്‍

Posted on: August 6, 2017 11:45 pm | Last updated: August 6, 2017 at 11:45 pm

തിരുവനന്തപുരം: ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 21 സി പി എം രക്തസാക്ഷികളുടെ കുടുംബം രാജ്ഭവന് മുന്നില്‍ സത്യഗ്രഹം നടത്തി. ജെയ്റ്റ്‌ലിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിലെ പക്ഷപാതിത്വം ചൂണ്ടികാട്ടിയാണ് ബന്ധുകള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തിയത്.

ഇവര്‍ കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലിക്ക് തുറന്ന കത്തയച്ചിരുന്നു. ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാന്നായിരുന്നു ആവശ്യം. ജെയ്റ്റ്‌ലിയുടേത് തരംതാഴ്ന്ന രാഷ്ട്രീയ കളിയാണെന്ന് രക്തസാക്ഷി കുടുംബങ്ങള്‍ കുറ്റപ്പെടുത്തി.

രാജ്ഭവനിന് മുന്നിലെ സത്യഗ്രഹം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു.
ആര്‍ എസ് എസിന്റെ ആവശ്യപ്രകാരം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ കേരള സന്ദര്‍ശനം അരുംകൊലക്കാരെ മാന്യന്മാരാക്കാനാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. സി പി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത് എം പി, നേതാക്കളായ ഇ പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി പ്രസംഗിച്ചു.