കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Posted on: August 6, 2017 6:40 pm | Last updated: August 7, 2017 at 10:10 am

തിരുവനന്തപുരം: കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചാരണ വേലകള്‍ കേരളത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് സര്‍വകക്ഷി സമാധാന യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കും. കേരളത്തില്‍ ഇപ്പോള്‍ അക്രമ സാധ്യത നിലനില്‍ക്കുന്നില്ല. നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ തക്കതായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനം ഉറപ്പ് വരുത്താന്‍ എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷം പരത്തുന്ന പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.