യു എസ് വ്യോമാക്രമണം ; ഇറാഖിലും സിറിയയിലും 21 സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Posted on: August 6, 2017 12:07 am | Last updated: August 6, 2017 at 12:07 am

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നേത്യത്വത്തിലുള്ള സഖ്യസേന ഇറാഖിലും സിറിയയിലുമുള്ള ഇസില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗായി നടത്തിയ വ്യോമാക്രണത്തില്‍ 21 സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടു.
ഇതോടെ ആക്രണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 624 ആയി ഉയര്‍ന്നു. 132 സാധാരണക്കാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയായതായി സഖ്യസേനയുടെ മാസാന്ത്യ കണ്ടെത്തലില്‍ പറയുന്നു.

ഇസിലിനെതിരെ 2014 മുതല്‍ ആരംഭിച്ച സഖ്യസേനയുടെ ആക്രമണത്തിനിടെ ഇതുവരെ 624 സാധാരണക്കാര്‍ അവിചാരിതമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സഖ്യസേന പറഞ്ഞു. അതേസമയം, സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് സഖ്യസേന പുറത്തുവിടുന്ന കണക്കും യഥാര്‍ഥ കണക്കും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയും ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്നവരും പറയുന്നു. എയര്‍വാര്‍സ് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട കണക്ക് പ്രകാരം സഖ്യസേന നടത്തിയ ആക്രണത്തില്‍ ഇതുവരെ 4,734 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.