കൂട്ട പിടിച്ചുവിടല്‍: ഐ ടി ജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു

Posted on: August 6, 2017 9:56 am | Last updated: August 5, 2017 at 11:59 pm

കൊച്ചി:ആഗോള പ്രതിസന്ധി ചൂണ്ടിക്കാട്ടി ഐ ടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടല്‍ തുടരുന്നതിനിടെ ഈ മേഖലയില്‍ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ വരെയുള്ള ആദ്യപാദ കണക്കുകളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിടുന്നത്.

രാജ്യത്തെ പ്രമുഖ ഐ ടി കമ്പനികളായ ഇന്‍ഫോസിസ്, ടി സി എസ്, ടെക് മഹീന്ദ്ര കമ്പനികളിലാണ് ജീവനക്കാരുടെ എണ്ണത്തിലെ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 30 വരെയുള്ള ആദ്യപാദത്തിലെ കണക്കാണിത്. നിലവില്‍ 3,85,809 ജീവനക്കാര്‍ ആകെയുള്ള രാജ്യത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ ടി സി എസില്‍ ആദ്യപാദത്തില്‍ 1,414 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 1,811 ജീവനക്കാരുടെയും ടെക് മഹീന്ദ്രയില്‍ 1,713ഉം ജീവനക്കാരുടെയും കുറവ് രേഖപ്പെടുത്തി.
ഐ ടി മേഖലയില്‍ ഏഷ്യയിലെ തന്നെ ഇതര രാജ്യങ്ങളുമായി വന്‍ മത്സരം നടത്തുന്ന ഇന്ത്യ ഏറെ മുന്നേറുന്നുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഈ മേഖലയിലെ ജീവനക്കാരുടെ കുറവ്. ഇതാദ്യമായാണ് രാജ്യത്ത് ഐ ടി മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്.
അതേസമയം മറ്റു പ്രധാന ഐ ടി കമ്പനികളായ വിപ്രോയും എച്ച് സി എല്‍ ടെക്‌നോളജീസിനും ജീവനക്കാരെ പിരിച്ചുവിടല്‍ നടപടികളിലേക്ക് കടന്നിരുന്നുവെങ്കിലും ആദ്യപാദ കണക്കില്‍ വിപ്രോക്ക് 1,309 ജീവനക്കാരെയും എച്ച് സി എല്‍ ടെക്‌നോളജീസിന് 1,808 ജീവനക്കാരെയും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഐ ടി കമ്പനികളുടെ ബിസിനസ് മോഡലില്‍ വന്ന മാറ്റമാണ് ജീവനക്കാരുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.
പരിചയ സമ്പന്നരും ഉയര്‍ന്ന തസ്തികയിലിരുന്ന് കൂടുതല്‍ ശമ്പളം വാങ്ങുന്നവരുമായ ജീവനക്കാരെ പിരിച്ചുവിട്ടതോടൊപ്പം പുതിയ എന്‍ജിനീയര്‍മാരെ നിയമിച്ചതിലൂടെയാണ് ഈ കമ്പനികള്‍ കുറവ് മറികടന്നത്.
ഇന്ത്യന്‍ ഐ ടി മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന അഞ്ച് ഐ ടി കമ്പനികളും ചേര്‍ന്ന് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 9,84,913 പേര്‍ക്കാണ് ജോലി നല്‍കിയത്.
ഇതുവഴി ജീവനക്കാരുടെ എണ്ണത്തില്‍ 1,821 പേരുടെ കുറവുണ്ടായെന്ന് വ്യക്തമാണ്. വിവര സാങ്കേതിക മേഖലയില്‍ ഈ വര്‍ഷം കുറഞ്ഞത് 1,50,000 പുതിയ തൊഴിലവസരമുണ്ടാകുമെന്ന് കണക്ക് കൂട്ടുന്ന സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം ഇതിലൂടെ ഈ വര്‍ഷം 39 ലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദവും പൂര്‍ത്തിയായതിന് ശേഷം ആ കണക്കിന് ആനുപാതികമായാണ് ഇത്തരമൊരു ടാര്‍ജറ്റ് മുന്നോട്ടുവെച്ചത്. എന്നാല്‍ നിലവിലെ കണക്കനുസരിച്ച് ലക്ഷ്യം കൈവരിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.

രാജ്യത്തെ ഐ ടി മേഖലയിലുണ്ടായ പ്രതിസന്ധിയുട മറവില്‍ അമേരിക്കന്‍ കമ്പനിയായ കോഗ്നിസന്റ് തുടങ്ങി വെച്ച പിരിച്ചുവിടല്‍ യജ്ഞം പിന്നീട് വന്‍കിട കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സി എല്‍ ടെക്‌നോളജീസ്, ഡി എക്‌സ് സി ടെക്‌നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്‌ജെയ്മിനി എസ് എ, സെറോക്‌സും എന്നിവ ഏറ്റെടുക്കുകയായിരുന്നു.
സാമ്പത്തികമാന്ദ്യത്തിന് പിന്നാലെ ഓട്ടോമേഷന്‍, പുതിയ സാങ്കേതിക വിദ്യകള്‍, ട്രംപ് ഭരണകൂടത്തിന്റെ വിസ വിലക്കുകള്‍ എന്നിവയാണ് ഈ രാജ്യത്തെ ഐ ടി മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.