Connect with us

Ongoing News

ഹാജിമാരുടെ യാത്രാ വിവരങ്ങള്‍ ലഭ്യമായി തുടങ്ങി

Published

|

Last Updated

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി പോകുന്നവരുടെ യാത്രാ ഷെഡ്യൂള്‍ ലഭ്യമായി തുടങ്ങി. ഈ മാസം 13 മുതലാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാര്‍ യാത്ര പുറപ്പെടുന്നത്. ആയിരം പേരുടെ യാത്രാതിയതിയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. മുഴുവന്‍ ഹാജിമാരുടെയും യാത്രാ തീയതി ചൊവ്വാഴ്ചയേ അറിയാന്‍ സാധിക്കൂ.

മുംബൈയില്‍ നിന്ന് ഭാഗികമായിട്ടാണ് ഹാജിമാരുടെ യാത്രാ തിയതി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ യാത്ര പുറപ്പെടേണ്ട ദിവസം അറിയിക്കാന്‍ സാധിച്ചിരുന്നു. ഇത്തവണ ഹജ്ജ് യാത്ര തുടങ്ങാറായിട്ടും ഹാജിമാര്‍ യാത്രാ തിയതിയും പ്രതീക്ഷിരിക്കയാണ്. ട്രെയിനര്‍മാര്‍ മുഖേന ഓരോ തീര്‍ഥാടകരെയും യാത്രാ വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. കൂടാതെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ംംംwww.hajcommttiee.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് യാത്രാ വിവരങ്ങള്‍ അറിയാനാകും. 39 വിമാന സര്‍വീസുകളാണ് ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒരു സര്‍വീസ് കൂടി അധികമായി അനുവദിക്കും.
അതേസമയം ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഹാജിമാരെ കൊച്ചിയിലെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കുന്നതിനായി മൂന്ന് വാഹനങ്ങള്‍ തുടര്‍ച്ചയായ സര്‍വീസ് നടത്തും. ഇന്നലെ ആലുവ പാലസില്‍ ചേര്‍ന്ന ഹജ്ജ് ക്യാമ്പ് 2017 സ്വാഗത സംഘം ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം.

ഹാജിമാരുടെ ലഗേജുകള്‍ എടുക്കാനും മറ്റു സഹായത്തിനുമായി വളണ്ടിയര്‍മാരുടെ സേവനം റെയില്‍വേ സ്റ്റേഷനില്‍ ലഭ്യമായിരിക്കും. കൂടാതെ അഞ്ച് പേര്‍ അടങ്ങുന്ന ഹെല്‍പ്പ് ഡെസ്‌കും സ്ഥിരമായുണ്ടാകും. ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാരെ സഹായിക്കാന്‍ 22 പ്രവാസി സംഘടനകളില്‍ നിന്നായി 3000 പ്രവാസികള്‍ക്ക് പ്രത്യേകമായി വളണ്ടിയര്‍ പാസ് അനുവദിച്ചിട്ടുണ്ട്. ഇവരുടെ വകയായി മക്കയിലും മദീനയിലും ദിവസവും കഞ്ഞി വിതരണവും ഉണ്ടാകും. ആലുവ പാലസില്‍ നടന്ന യോഗം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ അബ്ദുല്‍ മുത്തലിബ്, മുന്‍ എം എല്‍ എ. എ എം യൂസഫ്, അഡ്വ. വി സലിം, ലത്തീഫ് പൂഴിത്തറ സംസാരിച്ചു.

 

Latest