Connect with us

Kerala

ബ്ലൂ വെയില്‍ ഗെയിം അപകടം; മുന്നറിയിപ്പുമായി പോലീസ്

Published

|

Last Updated

തിരുവനന്തപുരം: ബ്ലൂ വെയില്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് ഹൈടെക് സെല്‍ മുന്നറിയിപ്പ്.
കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്നതാണ് കമ്പ്യൂട്ടര്‍ ഗെയിമുകള്‍. ഏറ്റവും ഒടുവില്‍ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ അടിമപ്പെട്ടിരിക്കുന്ന ബ്ലൂ വെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്. ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്ലൂ വെയില്‍. അമ്പത് ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. കളിക്കാരന്‍ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റര്‍ ഓരോ ഘട്ടത്തിലും നല്‍കുന്ന നിര്‍ദേശ പ്രകാരം കളിക്കാരന്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.
പുലര്‍ച്ചെ ഉണരുക, ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, ക്രെയിനില്‍ കയറുക, കൈകളില്‍ മുറിവുണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക, എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. അതിലധികവും 14 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.
സാങ്കേതിക വിദ്യ ഏറെ വളര്‍ന്നിട്ടും ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് അപകടകരമാണ്. ലഭ്യമാകുന്ന വിവരം അനുസരിച്ച് നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകള്‍, സ്മാര്‍ട് ഫോണുകള്‍ എന്നിവയില്‍ ഇത്തരം ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യുകയും വേണം. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്.
ബ്ലൂ വെയിന്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് ലഭ്യമാക്കാവുന്നതാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

---- facebook comment plugin here -----

Latest