മഅ്ദനി കേരളത്തിലെത്തി; നെടുമ്പാശ്ശേരിയിൽ സന്തോഷാശ്രു പൊഴിച്ച് അണികൾ

Posted on: August 6, 2017 7:33 am | Last updated: August 6, 2017 at 10:40 pm

ബെംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുന്നാസര്‍ മഅ്ദനി കേരളത്തിലെത്തി. ബംഗളൂരുവിൽ നിന്ന് വിമാനമാർഗം മൂന്നരയോടെയാണ് മഅദനി നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. അര മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന് പുറത്തേക്ക് വന്ന മഅ്ദനിയെ അണികൾ ആവേശത്തോടെ എതിരേറ്റു. നീതിയുടെ പക്ഷത്ത് നിന്ന് തനിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വിമാനത്താവളത്തിന് പുറത്ത് വന്ന ശേഷം മഅദനി മാധ്യമങ്ങളോട് പറഞ്ഞു.

നെടുമ്പാശേരിയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ റോഡ് മാർഗ‌ം മഅദനി ശാസ്താംകോട്ടയിലുള്ള അൻവാർശ്ശേരിയിലേക്ക് തിരിച്ചു. ഒമ്പതിന് തലശ്ശേരിയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എട്ടിന് മഅ്ദനി തലശ്ശേരിയിലേക്ക് തിരിക്കും. 19ന് തിരിച്ച് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി നേതാക്കളായ മുഹമ്മദ് റജീബ്, നൗഷാദ് തിക്കോടി എന്നിവരും സഹായികളായി സിദ്ദീഖ്, നിസാം എന്നിവരും മഅ്ദനിയെ അനുഗമിക്കുന്നുണ്ട്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും സുരക്ഷാ ചെലവിനായി പതിനഞ്ച് ലക്ഷം രൂപ ബെംഗളൂരു പോലീസ് ആവശ്യപ്പെട്ടത് മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരുന്നു. സുപ്രീം കോടതി ഇടപെട്ടതോടെയാണ് ബെംഗളൂരു പോലീസ് സുരക്ഷാ ചെലവ് 1.08 ലക്ഷമാക്കി കുറച്ചത്.