Connect with us

Articles

കോളറക്കെതിരെ ജാഗ്രത വേണം

Published

|

Last Updated

സംസ്ഥാനത്ത് സ്ഥിരീകരിച്ച മൂന്ന് കോളറ കേസുകളും കോളറയെന്ന് സംശയിക്കപ്പെടുന്ന മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ ഒരു കോളറ മരണം സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 2,97,284 വയറിളക്കരോഗ കേസുകളും നാല് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് കോളറ പകരുന്നത്. വയറിളക്ക രോഗമുള്ളവരുമായി അടുത്തിടപഴകുന്നവരും പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം.
കോളറ
വിബ്രിയോ കോളറ എന്ന ഇനം ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മനുഷ്യരില്‍ മാത്രമാണ് രോഗം കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. വയറുവേദന ഇല്ലാത്തതും വെള്ളം പോലെ (പലപ്പോഴും കഞ്ഞിവെള്ളം പോലെ)യുള്ള വയറിളക്ക രോഗമാണ് കോളറ. മിക്കപ്പോഴും ഛര്‍ദിയുമുണ്ടായിരിക്കും.
ചികിത്സ
കഠിനമായ വയറിളക്കവും ഛര്‍ദിയും മൂലം രോഗി പെട്ടെന്നുതന്നെ നിര്‍ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താറുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരിച്ച് പോകാനുള്ള സാധ്യതയും കൂടുതലാണ്. വയറിളക്കരോഗ ചികിത്സ തന്നെയാണ് കോളറ രോഗത്തിനും നല്‍കുന്നത്. തുടക്കം മുതല്‍ ഒ ആര്‍ എസ് ലായനി ഉപയോഗിച്ചുള്ള പാനീയ ചികിത്സ ഫലപ്രദമാണ്. ചിലപ്പോള്‍ ആന്റി ബയോട്ടിക്കുകളും രോഗിക്ക് നല്‍കാറുണ്ട്.
പരിശോധനകള്‍
ചികിത്സ ആരംഭിക്കാന്‍ ലബോറട്ടറി പരിശോധന ആവശ്യമില്ലെങ്കിലും കോളറ സ്ഥിരീകരണത്തിന് രോഗിയുടെ മലം പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
രോഗം പകരുന്ന വഴികള്‍
സാധാരണയായി മലനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് രോഗ ബാധയുണ്ടാകുന്നത്. മുലപ്പാല്‍ കുടിക്കുന്ന ശിശുക്കളില്‍ വയറിളക്ക രോഗത്തിനെതിരെ പ്രതിരോധ ശക്തി ഉണ്ടാകാറുണ്ട്.

കോളറ നിയന്ത്രണ മാര്‍ഗങ്ങള്‍
പാനീയ ചികിത്സ ബോധവത്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം മറ്റു ചില കാര്യങ്ങള്‍കൂടി ശ്രദ്ധിച്ചാല്‍ ജലജന്യ രോഗങ്ങള്‍ തടയാനാകും.

1. ആഹാര ശുചിത്വം:
ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ച് സൂക്ഷിക്കണം.
പഴകിയതും മലീമസമായതുമായ ആഹാരം കഴിക്കരുത്.
പഴവര്‍ഗങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിന് ശേഷം ഉപയോഗിക്കണം.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കണം.
കുപ്പിപ്പാല്‍ ഒഴിവാക്കണം.

2. ശുദ്ധമായ കുടിവെള്ളം:
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം.
വെള്ളം എപ്പോഴും അടച്ച് സൂക്ഷിക്കണം.
കിണറ്റിലെ വെള്ളം മലിനപ്പെടാതെയും ഇടക്കിടെ ക്ലോറിനേറ്റ് ചെയ#
്തും സൂക്ഷിക്കണം.
കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തണം.

3. വ്യക്തി ശുചിത്വം
ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം.
ശൗചത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യരുത്.
വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. ഈച്ച ശല്യം ഒഴിവാക്കണം.
കന്നുകാലി തൊഴുത്തുകള്‍ കഴിവതും വീട്ടില്‍ നിന്ന് അകലെയായിരിക്കണം.
പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ശ്രദ്ധിക്കുക
അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് വയറിളക്കത്തെ തുടര്‍ന്ന് ഗുരുതരമായ നിര്‍ജലീകരണം കാണുകയാണെങ്കില്‍ കോളറ രോഗം സംശയിക്കണം. അടുത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് വയറിളക്ക രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കിലും ശ്രദ്ധിക്കണം. കോളറക്ക് ഫലപ്രദമായ ചികിത്സ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.

 

---- facebook comment plugin here -----

Latest