Connect with us

Articles

ഹിരോഷിമ മുതല്‍ ഗാസ വരെ; തുടരുന്ന കൂട്ടക്കൊലകള്‍

Published

|

Last Updated

ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭയജനകമായ സ്മരണകളിലൂടെ ലോകം കടന്നുപോകുകയാണ്. 1945 ആഗസ്റ്റ് ആറിനാണ് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും. രണ്ടാം ലോക മഹായുദ്ധത്തിന് വിരാമമിട്ടത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളിലൂടെയായിരുന്നു. അത് അമേരിക്കയുടെ ലോകാധിപത്യ പ്രഖ്യാപനവുമായിരുന്നു. അമേരിക്കയുടെ നാളിതുവരെയുള്ള ചരിത്രം നിഷ്ഠൂരമായ ആക്രമണപരമ്പരകളുടെയും നരഹത്യകളുടേതുമാണ്. ഹിംസാത്മകമായ അധിനിവേശ ഭീകരതയാണ് അമേരിക്ക മനുഷ്യവംശത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്.
അണുബോംബ് സ്‌ഫോടനത്തില്‍ ലക്ഷങ്ങളെയാണ് കൊന്നുകൂട്ടിയത്. ഹിരോഷിമയിലെ ജനസംഖ്യ 3,43,000 ആയിരുന്നു. ബോംബ് വര്‍ഷിച്ച് നിമിഷങ്ങള്‍ക്കകം 78,154 പേര്‍ പിടഞ്ഞ് മരിച്ചു. ആണവാഗ്നി ഏല്‍പ്പിച്ച കൊടും താപത്തില്‍ നിന്ന് രക്ഷപ്പെടാനായി ഒഹാതോ നദിയിലേക്ക് ചാടിയവര്‍ വെള്ളത്തില്‍ വെന്തുമരിക്കുകയായിരുന്നു. അണു സ്‌ഫോടനത്തിനുശേഷം നദീജലം തിളച്ചുമറിയുകയായിരുന്നു. 1,37,000 പേര്‍ക്ക് അണുസ്‌ഫോടനത്തില്‍ മാരകമായ പരുക്കുകള്‍ പറ്റി. അങ്ങനെ ഒരു ആഗസ്റ്റ് ആറിന് ഹിരോഷിമയെ ആണവാഗ്നി കരിയിച്ചുകളഞ്ഞു.
ആണവാഗ്നി ലക്ഷങ്ങളെ കൊന്നുകൂട്ടി. അതിനേക്കാളേറെപേരെ ജനിതകവൈകല്യങ്ങളിലേക്കും അര്‍ബുദമടക്കമുള്ള മാരകമായ രോഗങ്ങളിലേക്കും തള്ളിവിട്ടു. ഹിബാക്കുഷകളുടെ ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചു. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയില്‍ ബോംബ് വര്‍ഷിച്ചു. 2,12,000 ജനസംഖ്യയുള്ള നാഗസാക്കിയില്‍ 73,884 പേരാണ് നിമിഷങ്ങള്‍ക്കകം വെന്തുരുകി മരിച്ചത്. 76,796 പേര്‍ക്ക് മാരകമായ പരുക്കേറ്റു. തലമുറകളെ അണുപ്രസരണത്തിന്റെ കെടുതികളിലേക്ക് വലിച്ചെറിഞ്ഞു. ജപ്പാന്‍ കീഴടങ്ങുമെന്നറിഞ്ഞിട്ടും അമേരിക്ക ഈ രണ്ട് നഗരങ്ങള്‍ക്കുമേല്‍ ബോംബിട്ടത് ആണവായുധത്തിന്റെ ബലം പ്രദര്‍ശിപ്പിച്ച് ലോകാധിപത്യം തങ്ങള്‍ക്കാണെന്ന് പ്രഖ്യാപിക്കാനായിരുന്നു.
ഹിരോഷിമയിലാരംഭിച്ച നൃശംസത ഭൂഖണ്ഡങ്ങളിലുടനീളം വാരിവിതറുകയാണ് അമേരിക്ക. മിസൈലുകളും ഡോളറുകളും കൊണ്ട് ഒരു നവലോകക്രമം കെട്ടിപ്പടുക്കാനുള്ള അധിനിവേശ യുദ്ധങ്ങളാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ ജനങ്ങളെ കൊന്നുകൂട്ടുന്ന സയണിസത്തെ അവര്‍ പോറ്റിവളര്‍ത്തുകയാണ്. ട്രംപിലേക്കെത്തുമ്പോള്‍ അത് കൂടുതല്‍ ഭീതിദമായ മാനങ്ങള്‍ കൈവരിക്കുകയാണ്. വിയറ്റ്‌നാമില്‍ ഏജന്റ്ഓറഞ്ച് അടക്കമുള്ള രാസായുധങ്ങള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളെ പോലും കൊന്നുകൂട്ടി. വടക്കന്‍ കൊറിയക്കും ഇറാനും ഈജിപ്തിനും നേരെ രാഷ്ട്രീയ അട്ടിമറികളും കൂട്ടക്കൊലകളും പതിവാക്കി.
ലാറ്റിനമേരിക്കന്‍രാജ്യങ്ങളെ ചോരക്കളമാക്കി. സിഐ എ അട്ടിമറികളുടെ പരമ്പരകള്‍ സൃഷ്ടിച്ചു. ചിലിയും നിക്കരാഗ്വയും എല്‍സാല്‍വദോറും സിഐ എയുടെ രാഷ്ട്രീയ ഗൂഢാലോചനകളുടെ പരീക്ഷണപ്രദേശങ്ങളാക്കി മാറ്റി. ഇറാഖും അഫ്ഗാനിസ്ഥാനും ഭീകരവിരുദ്ധയുദ്ധത്തിന്റെ മറവില്‍ ശിഥിലമാക്കി. എണ്ണക്കുവേണ്ടിയുള്ള മധ്യപൂര്‍വദേശത്തെ യുദ്ധം സോവിയറ്റ് യൂനിയനെയും കമ്യൂണിസത്തെയും ലക്ഷ്യംവെക്കുന്ന തീവ്രവാദശക്തികളെ വളര്‍ത്തിയെടുത്തുകൊണ്ട് അറബ് രാജ്യത്തെയാകെ കലാപഭരിതമാക്കി. സിറിയയിലും ഇറാഖിലും ഇറാനിലും സംസ്‌കാര സംഘര്‍ഷത്തിന്റെ പ്രത്യയശാസ്ത്രപ്രയോഗങ്ങള്‍ സുന്നി-ശിയ-കുര്‍ദ് വംശീയഭിന്നതകളെ വളര്‍ത്തി. ഭ്രാതൃഹത്യയുടെ ചോരപ്പുഴകള്‍ സൃഷ്ടിച്ചു. ഹിരോഷിമ മുതല്‍ ഗാസവരെ നീളുന്ന അമേരിക്കന്‍ കൂട്ടക്കൊലകള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്.
ശക്തിയാണ് ശരിയെ നിര്‍ണ്ണയിക്കുന്നതെന്ന അത്യന്തം പ്രതിലോമപരമായ പ്രത്യയശാസ്ത്രമാണ് എന്നും അമേരിക്കയെ നയിച്ചത്. 19ാം നൂറ്റാണ്ടിലുടനീളം അമേരിക്കയില്‍ ഒരു വിഭാഗം കണക്കറ്റ സമ്പത്ത് കുന്നുകൂട്ടിയപ്പോള്‍ അത് പ്രകൃതി നിയമത്തെയും ദൈവനീതിയെയും ശക്തിപ്പെടുത്തുന്ന കാര്യമാണെന്നാണ് ആംഗ്ലോ-സാംഗ്‌സണ്‍ ബുദ്ധിജീവികള്‍ വാദിച്ചത്. അമേരിക്കന്‍ മൂലധന വികസനത്തിന്റെ ചരിത്രം തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഉന്മൂലനം ചെയ്തും ഇല്ലാതാക്കിയുമാണ് വളര്‍ന്നതെന്ന് കാണാം.
അന്താരാഷ്ട്ര ചിലന്തിയെന്ന് സഖാവ് ലെനിന്‍ വിശേഷിപ്പിച്ച അമേരിക്കന്‍ കുത്തക മുതലാളി റോക്ക്‌ഫെല്ലര്‍ ഇക്കാര്യം ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നുപറഞ്ഞിട്ടുണ്ട്:””ഒരു വലിയ ബിസിനസ്സിന്റെ വളര്‍ച്ച എന്നത് അര്‍ഹമായതിന്റെ അതിജീവനമാണ്…. സുഗന്ധവും സൗന്ദര്യവുമുള്ള അമേരിക്കന്‍ ബ്യൂട്ടിറോസ് വളര്‍ത്തുന്നവര്‍ ഒരു പൂവിരിയിക്കുന്നത് അതിന്റെ ചുറ്റുമുള്ള മറ്റ് മൊട്ടുകള്‍ നശിപ്പിച്ചുകൊണ്ടാണ്. ബിസിനസ്സില്‍ ഇതൊരിക്കലും ഒരു ചീത്ത പ്രവണതയല്ല. ദൈവത്തിന്റെയും പ്രകൃതിയുടെയും നിയമങ്ങള്‍ക്കനുസരിച്ചാണ് ഇത് നടക്കുന്നത്”.”
ഇതാണ് തങ്ങളുടെ ആധിപത്യത്തിനുവേണ്ടിയുള്ള അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്ന അമേരിക്കയുടെ ദര്‍ശനം. റെഡ് ഇന്ത്യന്‍ വംശജരുടെ മഹാസംസ്‌കാരത്തെ രക്തപങ്കിലമായ ക്രൂരതീര്‍ഥാടനങ്ങളിലൂടെ ഉന്മൂലനം ചെയ്ത പൂര്‍വ പിതാക്കന്മാരുടെ “വിശുദ്ധകര്‍മ”ങ്ങളുടെ തുടര്‍ച്ചയായിട്ടാണ് അധിനിവേശ യുദ്ധങ്ങളെ അമേരിക്കന്‍ മേധാവികള്‍ കാണുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ കൂട്ടക്കൊലകളെയും വിയറ്റ്‌നാം യുദ്ധത്തെയും ലാറ്റിനമേരിക്കന്‍ നാടുകളിലെ അട്ടിമറി സമരങ്ങളെയും ക്യൂബക്കും വെനിസ്വേലക്കും എതിരായ ഉപരോധത്തെയും ഗൂഢാലോചനകളെയും എല്ലാം അമേരിക്ക ന്യായീകരിക്കുന്നത് ഈയൊരു ബോധത്തില്‍ നിന്നാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ ഇസ്‌ലാമിക സമൂഹങ്ങളെ വേട്ടയാടുന്നതും ലോകമെമ്പാടും ഇസ്‌ലാമോഫോബിയ വിതക്കുന്നതും ഇതേ നിലപാട് തറയില്‍ നിന്നാണ്.
ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ജനസമൂഹങ്ങളൊന്നാകെ തങ്ങളുടെ ഇച്ഛക്ക് വഴങ്ങി കഴിഞ്ഞുകൂടേണ്ട അധമജനതയാണെന്നാണ് അമേരിക്കന്‍ ഭരണകൂടം കരുതുന്നത്. വംശീയമായ വരേണ്യത അവകാശപ്പെട്ടുകൊണ്ടും തങ്ങളുടെ അന്താരാഷ്ട്ര ഇടപെടലുകളെല്ലാം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ദൗത്യങ്ങളാണെന്ന് വാദിച്ചുകൊണ്ടുമാണ് തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരായി നിരന്തരമായി കടന്നുകയറുന്നത്. അപരിഷ്‌കൃതരും പ്രാകൃതരുമായി തങ്ങള്‍ മുദ്രകുത്തുന്ന ജനസമൂഹങ്ങളെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാനോ അടക്കി ഭരിക്കാനോ വേണ്ടിയുള്ള ഹീനമായ കടന്നാക്രമണമാണ് അമേരിക്ക ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. കുരിശുയുദ്ധത്തിനു സമാനമായ ഒരുതരം അക്രമണോത്സുകതയാണ് അമേരിക്കന്‍ ബോധത്തെ നിര്‍ണയിക്കുന്നത്. മാനവികതക്കെതിരായ കടന്നാക്രമണങ്ങളിലൂടെ, ഹിരോഷിമ മുതല്‍ ഗാസ വരെ നീളുന്ന സാര്‍വ്വദേശീയ പാതകങ്ങളിലൂടെ ലോകജനതയുടെ ശത്രുസ്ഥാനത്താണ് ഇന്ന് അമേരിക്കന്‍ ഭരണകൂടവും സാമ്രാജ്യത്വ ശക്തികളും. അമേരിക്കനിസത്തിന്റെ സ്തുതിപാഠകര്‍ കാണാതെപോകുന്നത് ഈ യാഥാര്‍ത്ഥ്യങ്ങളെയാണ്.
ഹിരോഷിമയുടെ ഭയജനകമായ സ്മരണകളിലൂടെ ലോകം കടന്നുപോകുമ്പോള്‍ ഗാസയ്ക്കുനേരെ സൈനികനീക്കവും ബോംബാക്രമണവും നടത്തുകയാണ് അമേരിക്കയുടെ പിന്തുണയോടെ ഇസ്‌റാഈല്‍ സേന. അത്യന്തം പ്രകോപനപരമായ നീക്കങ്ങളിലൂടെ ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്താനും തുരത്താനുമുള്ള നീക്കമാണ് അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്‌റാഈല്‍ സേന നടത്തുന്നത്. ജറൂസലമിലെ അല്‍ അഖ്‌സാ പള്ളിയില്‍ പ്രാര്‍ഥനാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് വിശ്വാസി സമൂഹത്തെയാകെ പ്രകോപിപ്പിക്കാനാണ് ഇസ്‌റാഈല്‍ സേന ശ്രമിച്ചത്. കിഴക്കന്‍ ജറൂസലം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കല്‍പ്പിക്കപ്പെടുന്ന പ്രദേശമാണ്. 1967ലെ യുദ്ധത്തിലൂടെയാണ് ഈ പുരാതന നഗരത്തിന്റെ നിയന്ത്രണം ഇസ്‌റാഈല്‍ നേടുന്നത്.
1981ല്‍ അനധികൃതമായി കിഴക്കന്‍ ജറൂസലമിനെ ഇസ്‌റാഈലിനൊപ്പം കൂട്ടിച്ചേര്‍ക്കാനും ടെല്‍ അവീവിലെ ഭരണാധികാരികള്‍ തയ്യാറായി. ഇതോടെ പശ്ചിമ തീരത്തേതുപോലെ കിഴക്കന്‍ ജറൂസലമിലും ഇസ്‌റാഈല്‍ ഭരണകൂടം അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. യു എന്നും അന്താരാഷ്ട്ര സമൂഹവും ഇന്നും കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍ പ്രദേശമായി പരിഗണിക്കുമ്പോഴാണ് ഈ പ്രദേശം അനധികൃതമായി കൈവശം വെക്കാനും ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കാനും ഇസ്‌റാഈല്‍ വാശിപിടിക്കുന്നത്.
2017 ഏപ്രിലിലാണ് 15,000 വീടുകള്‍ കിഴക്കന്‍ ജറൂസലമില്‍ പണികഴിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇതിനെതിരെ യു എന്‍ പൊതുസഭയും യുനെസ്‌കോയും പ്രമേയം പാസ്സാക്കി. 2334 ാമത് യു എന്‍ പ്രമേയം കിഴക്കന്‍ ജറൂസലമിലെ ജൂത കുടിയേറ്റം നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈലിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, നെതന്യാഹു സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഫലസ്തീന്‍ ജനത അവരുടെ പ്രധാന ആരാധനാ കേന്ദ്രമായി കരുതുന്ന അല്‍അഖ്‌സ പള്ളിയും വരുതിയിലാക്കാനുള്ള അധിനിവേശമാണ് ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് അല്‍ അഖ്‌സ പള്ളിയില്‍ ബാങ്ക് വിളിക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബാങ്കിന്റെ ശബ്ദം കുറക്കാനും നിയമനിര്‍മാണത്തിലൂടെ ആഹ്വാനമുണ്ടായി. ആരാധനാ സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്തലായിരുന്നു ഇത്. വംശീയ വിവേചനമാണിതെന്നും ആക്ഷേപമുയര്‍ന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അല്‍ അഖ്‌സ പള്ളി ഇനി എല്ലാകാലത്തും ഇസ്‌റാഈല്‍ പരമാധികാരത്തിന്‍ കീഴിലായിരിക്കുമെന്ന പ്രഖ്യാപനം ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിരിക്കുന്നത്.
1967 ലെ ആറ് ദിന യുദ്ധത്തിന്റെ 50ാം വാര്‍ഷികാഘോഷവേളയില്‍ സംസാരിക്കവേ ജൂണ്‍ മാസമാണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം ഉണ്ടാകുന്നത്. പ്രഖ്യാപനം വന്ന് രണ്ടാഴ്ചയ്ക്കുശേഷമാണ് അല്‍ അഖ്‌സ പള്ളിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത്. ഫലസ്തീന്‍ പ്രദേശമായ കിഴക്കന്‍ ജറൂസലം ഇസ്‌റാഈലിന്റെ ഭാഗമാക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് അല്‍അഖ്‌സയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയത് എന്നര്‍ഥം.
ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയും എതിര്‍ത്തിട്ടു പോലും കിഴക്കന്‍ ജറൂസലമിനെ ഇസ്‌റാഈലിന്റെ ഭാഗമാക്കാന്‍ നെതന്യാഹുവിന് ധൈര്യം പകരുന്നത് അമേരിക്കയുടെ അടിയുറച്ച പിന്തുണയാണ്. കടുത്ത ഇസ്‌റാഈല്‍ പക്ഷപാതിയെയാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് ടെല്‍ അവീവില്‍ അമേരിക്കന്‍ അംബാസഡറായി നിയമിച്ചത്. അമേരിക്കന്‍ സ്ഥാനപതികാര്യാലയം തന്നെ ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തെ അത്ഭുതപ്പെടുത്തുന്നതാണ്. നെതന്യാഹുവിന്റെ വംശീയ ഭ്രാന്തിനും അധിനിവേശ വ്യഗ്രതക്കും ട്രംപ് ധൈര്യം പകരുകയാണ്.
ട്രംപും നെതന്യാഹുവും ചേര്‍ന്ന് ഈ മേഖലയെ അന്തമില്ലാത്ത സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ് അല്‍ അഖ്‌സ സംഭവവും ഗാസയെ ലക്ഷ്യം വെച്ചുള്ള ഇസ്‌റാഈലിന്റെ സൈനിക ആക്രമണങ്ങളും.

---- facebook comment plugin here -----

Latest