പെരിന്തല്‍മണ്ണയില്‍ മാന്‍കൊമ്പുമായി രണ്ട് പേര്‍ പിടിയില്‍

Posted on: August 5, 2017 11:49 pm | Last updated: August 5, 2017 at 11:49 pm

പെരിന്തല്‍മണ്ണ: വില്‍പ്പനക്ക് കൊണ്ടുവന്ന മൂന്ന് മാന്‍കൊമ്പുകളുമായി രണ്ട് പേര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍. മഞ്ചേരി വായ്പാറപ്പൊടി തറമണ്ണില്‍ അന്‍വര്‍ സാദത്ത് (38), മഞ്ചേരി വേട്ടേക്കാട് പുത്തന്‍ കളരിക്കല്‍ രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി മാന്‍കൊമ്പുകള്‍ വില്‍പ്പന നടത്താന്‍ ഒരു സംഘമെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധനക്കിടെ ഇവരെ പിടികൂടിയത്. കറുത്ത ബേഗില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു മാന്‍കൊമ്പുകള്‍. ഇവ കോട്ടക്കല്‍, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടരന്വേഷണം നടത്തുന്നതിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ സംഘത്തലവന്മാര്‍ അറിയിച്ചു.