Connect with us

Ongoing News

കൊളംബോ ടെസ്റ്റ്: മെന്‍ഡിസിന് സെഞ്ച്വറി; ലങ്ക പൊരുതുന്നു

Published

|

Last Updated

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കക്ക് 230 റണ്‍സ് കൂടി വേണം. സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസിന്റെയും (110) അര്‍ധ സെഞ്ച്വറി നേടിയ ദിമുത് കരുണരത്‌നെയുടെയും ചെറുത്തുനില്‍പ്പാണ് ലങ്കക്ക് തുണയായത്. 135 പന്തില്‍ പതിനേഴ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് മെന്‍ഡിസിന്റെ ബാറ്റിംഗ്.

കരുണരത്‌നെക്കൊപ്പം മിലിന്ദ പുഷ്പകുമാരയാണ് ക്രീസില്‍. മൂന്നാം ഓവറില്‍ തന്നെ ഓപണര്‍ ഉപുല്‍ തരംഗയെ ആതിഥേയര്‍ക്ക് നഷ്ടമായി. രണ്ട് റണ്‍സെടുത്ത തരംഗയെ ഉമേഷ് യാദവ് ബൗള്‍ഡാക്കുമ്പോള്‍ ഏഴ് റണ്‍സായിരുന്നു ലങ്കന്‍ സ്‌കോര്‍. പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട കരുണരത്‌നെയും മെന്‍ഡിസും സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 191 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം ദിനത്തിലെ കളി അവസാന ഘട്ടത്തിലേക്ക് കടക്കവേ മെന്‍ഡിസിനെ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ചു. വിക്കറ്റുകള്‍ കളയാതെ ടെസ്റ്റ് സമനിലയിലെത്തിക്കുകയാണ് ലങ്കന്‍ ബാറ്റ്‌സ്മാന്മാരുടെ ശ്രമം.

നേരത്തെ, ഇന്ത്യയുടെ 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക തകര്‍ന്നടിഞ്ഞു. 183 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ എല്ലാ വിക്കറ്റുകളും വീണു. 49.4 ഓവറിലാണ് ബൗളര്‍മാര്‍ ലങ്കയുടെ കഥകഴിച്ചത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍ അശ്വിനാണ് ലങ്കന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതവും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു. 51 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ല മാത്രമാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ തിളങ്ങിയത്. ദിമുത് കരുണരത്‌നെ (25), ആഞ്ചലോ മാത്യൂസ് (26), ദില്‍റുവാന്‍ പെരേര (25), കുശാല്‍ മെന്‍ഡിസ് (24) റണ്‍സെടുത്തു.

 

Latest