Connect with us

Kerala

പിരിവ് നല്‍കാന്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊല്ലം: ബിജെപിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ ഭാരവാഹിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ചവറയില്‍ കുടിവെള്ള വ്യാപാരിയായ മനോജിനെയാണ് ബിജെപി ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായിരുന്നു.

ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സംസ്ഥാന ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു.
തുടര്‍ന്ന് സുഭാഷ് മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് തെറിയഭിഷേകം നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

സംഭവം വിവാദമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടു. സുഭാഷിനെതിരെയുള്ള ആരോപണം പരിശോധിച്ചശേഷം നടപടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും പറഞ്ഞിരുന്നു.

Latest