Connect with us

National

വെങ്കയ്യ നായിഡു പതിനഞ്ചാമത് ഉപരാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി എന്‍ ഡി എ സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായ, മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെ തോല്‍പ്പിച്ചാണ് വെങ്കയ്യ നായിഡു പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

വെങ്കയ്യനായിഡുവിന് 516 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ വോട്ട് 244 ല്‍ ഒതുങ്ങി.ആകെ 785ല്‍ 771 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 11 വോട്ടുകള്‍ അസാധുവായി. വിജയിക്കാന്‍ ആവശ്യമായത് 395 വോട്ടുകളായിരുന്നു.

ഈ മാസം പതിനൊന്നിന് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ഉപരാഷ്ട്രപതിയായ ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എതിര്‍സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിയും അഭിനന്ദിച്ചു. നേരത്തെ, എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയായിരുന്ന മീരാകുമാറിനെ തോല്‍പ്പിച്ചാണ് കോവിന്ദ് രാഷ്ടപതിയായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിംഗിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എംപി തുടങ്ങിയ പ്രമുഖര്‍ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

 

Latest