Connect with us

Gulf

'അക്ഷരങ്ങളുടെ താളം' കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു

Published

|

Last Updated

ദോഹ: കതാറയില്‍ നടക്കുന്ന പ്രശസ്ത സിറിയന്‍ ചിത്രകാരന്‍ റമി ഖൗരിയുടെ “അക്ഷരങ്ങളുടെ താളം” എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വിസ്മയം പകരുന്നു. വിഖ്യാതമായ ഇസ്‌ലാമിക വാക്യങ്ങള്‍ എണ്ണച്ചായം ഉപയോഗിച്ചു കാന്‍വസിലേക്ക് മനോഹരമായ രീതിയില്‍ പകര്‍ത്തുകയായിരുന്നു റമി ഖൗരി.

അറബിക് കാലിഗ്രഫിയുടെ വേറിട്ട രീതിയിലുള്ള പ്രയോഗവത്കരണം പ്രതിഫലിക്കുന്ന 35 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മുസ്‌ലിം സമൂഹത്തില്‍ വളരെയേറെ അംഗീകാരവും സ്വീകാര്യതയും ലഭിച്ച വാചകങ്ങളായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഇസ്‌ലാമിന്റെ ധാര്‍മികത, മൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവ കൃത്യമായി പ്രതിഫലിക്കുന്നതായിരുന്നു ഓരോ വാചകങ്ങളും. ഇവയെ ആകര്‍ഷകമായ ചിത്രരൂപത്തിലേക്ക് മാറ്റിയത് കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

ആദ്യ ദിവസങ്ങളില്‍തന്നെ നിരവധി പേരാണ് റമി ഖൗരിയുടെ കലാവിരുത് ആസ്വദിക്കാനായി കതാറയിലെത്തിയത്. നേരത്തെ സംഘടിതമായി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും റമി ഖൗരിയുടെ ഒറ്റക്കുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്. അടുത്ത വര്‍ഷം കൂടുതല്‍ വേറിട്ട രീതിയില്‍ മറ്റൊരു പ്രദര്‍ശനം കൂടി സംഘടിപ്പിക്കുമെന്ന് റമി ഖൗരി പറഞ്ഞു.
ഇന്റീരിയര്‍ ആര്‍ക്കിടെക്ചറില്‍ ബാച്ചിലര്‍ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ഖത്വര്‍ ഫൈന്‍ ആര്‍ട്‌സ് അസോസിയേഷന്‍ അംഗം കൂടിയാണ്. അറബി കാലിഗ്രഫിയെ ശക്തമായൊരു സങ്കേതമായാണു ചിത്രകാരന്‍ ഉപയോഗിച്ചതെന്ന് ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. അചേതനമായ അക്ഷരങ്ങളെ സചേതന തലത്തിലേക്ക് ഉയര്‍ത്താന്‍ ചിത്രകാരന്‍ റമി ഖൗരിക്കു കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി അറബി ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും ഏറെ സഹായകരമായതാണ് അറബിക് കാലിഗ്രഫിയെന്ന് ചിത്രകാരന്‍ റമി ഖൗരി പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് സമാനതകളില്ലാത്ത രൂപവും വൈവിധ്യവുമാണ് അറബി അക്ഷരങ്ങള്‍ക്കുള്ളത്. അതുപയോഗിച്ചു മനോഹരമായ ചിത്രങ്ങളൊരുക്കാനാകും. മറ്റു ഭാഷകളില്‍ അതു വളരെ കുറച്ചു മാത്രമേ കാണാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് പതിനാല് വരെ പ്രദര്‍ശനം തുടരും. പ്രവേശനം സൗജന്യമാണ്.

Latest