Connect with us

National

എന്‍ഡിഎ എംപിമാര്‍ക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു

Published

|

Last Updated

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ എംപിമാര്‍ക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പില്‍ 16 വോട്ടുകള്‍ അസാധു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാര്‍ക്കുവേണ്ടികൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നീണ്ട പരിശീലനത്തിനും ശേഷം സംഘടിപ്പിച്ച ഡമ്മി വോട്ടെടുപ്പിലാണ് 16 വോട്ടുകള്‍ അസാധുവായത്. യഥാര്‍ത്ഥ വോട്ടെടുപ്പില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ മുതിര്‍ന്ന നേതാവ് ഭൂപേന്ദര്‍ യാദവിനെപ്പോലെയുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപി വോട്ടുകളെല്ലാം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ എംപിമാരും പാര്‍ലമെന്റ് ലൈബ്രറിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുന്‍പ് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 അസാധു വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി എംപിമാരുടേതായിരുന്നു.

രാവിലെ പത്തുമണി മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെ ഫലപ്രഖ്യാപനം നടക്കും. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്‌സഭാ അംഗങ്ങളുമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളും വോട്ട് ചെയ്യും.

Latest