ദിലീപിന് കുരുക്ക് മുറുക്കി പോലീസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ നടപടി തുടങ്ങി

Posted on: August 5, 2017 11:40 am | Last updated: August 5, 2017 at 11:23 am

കൊച്ചി: യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കി പോലീസ്. ഇതിനായി വളരെ വേഗത്തില്‍ കുറ്റപത്രം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടികളാണ് പോലീസ് നടത്തുന്നത്. മാറിയ സാഹചര്യത്തില്‍ അഭിഭാഷകനെ മാറ്റി ജാമ്യത്തിനായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് പോലീസ് നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ദിലീപ് അറസ്റ്റിലായി 25 ദിവസം പിന്നിട്ട സാഹചര്യത്തില്‍ മുപ്പത് ദിവസത്തിനകം കുറ്റപ്പത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ ദിലീപിന്റെ ജാമ്യം തടഞ്ഞ് വിചാരണ തടവ് നീട്ടിക്കൊണ്ടുപോകാനാകുമെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി ദിലീപിന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇതുവരെ ഹാജരായ അഭിഭാഷകന്‍ രാംകുമാറിനെ മാറ്റി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയ രംഗത്തിറക്കി ജാമ്യത്തിനായി ശ്രമിക്കുന്നത്. കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിയാത്തതും, നിര്‍ണായകമാകുമെന്ന് നേരത്തെ ജാമ്യം തടയാന്‍ പോലീസ് ഉന്നയിച്ച അപ്പുണ്ണിയുടെ മൊഴിയടുക്കലും പൂര്‍ണമായ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചേക്കുമെന്നും, ഈ സാഹചര്യത്തില്‍ ഇനി അതിന്റെ പേരില്‍ പ്രോസിക്യൂഷന് എതിര്‍പ്പ് ഉന്നയിക്കാന്‍ കഴിയില്ലെന്നുമാണ് ദിലീപിന് ലഭിച്ച നിയമോപദേശം. അതേസമയം, ആക്രമിക്കുന്നതിനിടെ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്ന പള്‍സര്‍ സുനിയുടെ ആദ്യത്തെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജുജോസഫിന്റെ മൊഴി പോലീസിന് തിരിച്ചടിയായിരിക്കുകയാണ്.

ഇതെതുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.
അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യുമന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുട കത്ത് വിഷ്ണുവില്‍ നിന്ന് വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചതായി അപ്പുണ്ണി മൊഴിനല്‍കിയിരുന്നു. ഇത് പരിശോധിക്കാനാണ് ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യുന്നത്. സഹോദരിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പ് വരുത്താനാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ സഹോദരിയെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകളോട് പോലീസ് പ്രതികരിച്ചിട്ടില്ല. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും സംവിധായകന്‍ നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമെന്ന് പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇവര പോലീസ് ചോദ്യം ചെയ്തിട്ടില്ല.