Connect with us

National

മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന് ആര്‍ എസ് എസ് നേതാവിന്റെ പേരിടാനുള്ള നീക്കത്തില്‍ പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: യു പിയിലെ പ്രസിദ്ധമായ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പാര്‍ലിമെന്റില്‍ ശക്തമായ പ്രതിഷേധം. രാജ്യത്തിന്റെ ചരിത്രവും ഭൂപടവും മാറ്റിയെഴുതാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ് എന്നാക്കി മാറ്റാനുള്ള യു പി സര്‍ക്കാറിന്റെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യസഭയില്‍ എസ് പി അംഗം നരേഷ് അഗര്‍വാളാണ് വിഷയം ഉന്നയിച്ചത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള സ്റ്റേഷന്റെ പേര് മാറ്റുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നരേഷ് രാജ്യസഭയില്‍ പറഞ്ഞു. ഇങ്ങനെ പോകുകയാണെങ്കില്‍ ബി ജെ പി ന്യൂഡല്‍ഹിയുടെ പേരും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി എം പിമാര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ബി എസ് പിയും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.

തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് രംഗത്തെത്തി. സ്റ്റേഷന്‍ മുഗള്‍ വംശജരുടെ പേരില്‍ വേണം, പണ്ഡിറ്റ് ദീന്‍ ദയാലിന്റെ പേരില്‍ പാടില്ല, എന്ന പിടിവാശി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിലെ വിക്‌ടോറിയാ ടെര്‍മിനസിന്റെ പേര് ഛത്രപതി ശിവജി ടെര്‍മിനല്‍ എന്നാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ രാജ്യത്തിന്റെ പേരും മാറ്റിക്കോളൂ എന്നായി പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. ഉപാധ്യായ് എന്ത് സംഭാവനയാണ് രാജ്യത്തിന് നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചരിത്രം വായിക്കൂ, അദ്ദേഹം മഹാനായ ചിന്തകനായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ മറുപടി. ഹൗറയെയും ഡല്‍ഹിയെയും റെയില്‍ വഴി ബന്ധിപ്പിച്ചപ്പോള്‍ 1862ലാണ് ബ്രിട്ടീഷുകാര്‍ മുഗള്‍സറായി സ്റ്റേഷന്‍ സ്ഥാപിച്ചത്.

Latest