Connect with us

Eranakulam

വിഭാഗീയത: യൂത്ത് ലീഗിന്റെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടി

Published

|

Last Updated

കൊച്ചി: കടുത്ത വിഭാഗീയതയെ തുടര്‍ന്ന് മൂന്ന് തെക്കന്‍ ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാല്‍ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഇത് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗമാണ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനമെടുത്തത്. യൂത്ത് ലീഗിന്റെ മണ്ഡലതല പര്യടനം ഈ ജില്ലകളില്‍ പരാജയപ്പെട്ടതാണ് നടപടിയിലേക്ക് നയിക്കാന്‍ കാരണമായത്. ലീഗിലെ ചില നേതാക്കള്‍ക്ക് താല്‍പര്യമുള്ളവരെ ജില്ലയിലെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതിനെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ വിഭാഗീയത രൂക്ഷമായത്. യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം നടത്തിയ പരിപാടി അട്ടിമറിച്ചതിനെ തുടര്‍ന്ന് ഇടുക്കി ജില്ല ഖജാന്‍ജി സി എം അന്‍സാര്‍, വൈസ് പ്രസിഡന്റുമാരായ അനസ് ഇബ്‌റാഹിം, ഫൈസല്‍ കിണറ്റിങ്കര, സെക്രട്ടറി അര്‍ശദ് ഇബ്‌റാഹിം എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിരുന്നു. ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറി ടി എം സലിമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ യൂത്ത്് ലീഗ് പ്രവര്‍ത്തക സംഗമത്തിന്റെ തെക്കന്‍ മേഖലാതല അവലോകന യോഗത്തില്‍ ഈ വിഷയങ്ങള്‍ കടന്നു വരുകയായിരുന്നു.

മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്തു പരിഹരിക്കണമെന്നും അതല്ല അച്ചടക്ക നടപടി മാത്രം മതിയെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. എന്നാല്‍ ഈ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന നിര്‍ദേശമാണ് ഭൂരിഭാഗം പേരും മുന്നോട്ട്‌വെച്ചത്. അതേസമയം, ഒരു ജില്ലാ കമ്മിറ്റിയും പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് സിയാദ് പ്രതികരിച്ചു.

Latest