ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണു രാജ്യത്തുടനീളം നടക്കുന്നത്: ലാലുപ്രസാദ് യാദവ്

  • മോദിക്ക് ധൈര്യമുണ്ടെങ്കില്‍ അദാനിയുടെയും ബച്ചന്റെയും വസതികളില്‍ റെയ്ഡ് നടത്തണം.
  • നിതീഷ് കുമാറിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയു കൈവശമുണ്ട്.
Posted on: August 5, 2017 10:15 am | Last updated: August 5, 2017 at 4:17 pm

റാഞ്ചി: ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണു രാജ്യത്തുടനീളം നടക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റിനെയും ഉപയോഗിച്ചു പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും ശ്രമിക്കുന്നതെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

മോദിക്കു ധൈര്യമുണ്ടെങ്കില്‍ അദാനിയുടെയും രാജ്യത്തെ വമ്പന്‍ വ്യവസായികളുടെയും വസതികളിലും ഓഫിസുകളിലും റെയ്ഡ് നടത്താന്‍ തയാറാകണമെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസ് വിചാരണയ്ക്കു റാഞ്ചിയിലെത്തിയപ്പോഴാണ് ലാലു ഇക്കാര്യം പറഞ്ഞത്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെക്കുറിച്ചുള്ള ചില രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയു കൈവശമുണ്ട്. ഈ രേഖകള്‍ കാട്ടിയാണു ദേശീയ സഖ്യം തകര്‍ത്തു നിതീഷിനെ ബിജെപി പാളയത്തിലെത്തിച്ചത്. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണു രാജ്യത്തുടനീളം നടക്കുന്നത്.

സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരു തിരിഞ്ഞാലും അവരെയെല്ലാം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു തകര്‍ക്കാനാണു മോദി ശ്രമിക്കുന്നതെന്നും ലാലു പറഞ്ഞു.
പാനമ രേഖകളില്‍ ഇടംപിടിച്ച ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍,ഐശ്വര്യ റായ് തുടങ്ങിയ 422 ഇന്ത്യക്കാരുടെ വസതികളില്‍ റെയ്ഡ് നടത്താന്‍ ലാലു പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.