തരൂരിന്റെ പരാതിയില്‍ അര്‍ണബിനും റിപ്പബ്ലിക് ചാനലിനും ഹൈകോടതി നോട്ടീസ്

Posted on: August 4, 2017 9:27 pm | Last updated: August 5, 2017 at 9:44 am

ന്യൂഡല്‍ഹി: റിപ്പബ്ലിക് പാര്‍ട്ടി വാര്‍ത്ത അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ടി.വി ചാനലിനും ഡല്‍ഹി ഹൈകോടതി നോട്ടീസ്. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകമെന്ന മുന്‍വിധിയോടെ റിപ്പബ്ലിക് ടി.വിയും അര്‍ണബും നടത്തുന്ന മാധ്യമ വിചാരണക്കെതിരെ ശശി തരൂര്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് മന്‍മോഹന്‍ വെള്ളിയാഴ്ച നോട്ടീസയച്ചത്. കേസിന്റെ വാദം കേള്‍ക്കല്‍ 16ലേക്ക് മാറ്റി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ തരൂരിനെ നിരന്തരം വേട്ടയാടുകയും കുറ്റവാളിയാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനുവേണ്ടി കോടതിയില്‍ ഹാജരാവുന്നത്. ചാനല്‍ റിപ്പോര്‍ട്ടുകളില്‍ ബോധപൂര്‍വം ഉപയോഗിക്കുന്ന കൈാല്ലപ്പെട്ട സുനന്ദ പുഷ്‌കര്‍ എന്ന പരാമര്‍ശം അവസാനിപ്പിക്കാന്‍ അര്‍ണബിന് നിര്‍ദേശം നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തരൂരിനെ കൊലപാതകിയെന്ന് ചാനല്‍ വിശേഷിപ്പിച്ചിട്ടില്ലെന്നും പൊലീസ് തെളിവുകള്‍ വെച്ചാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അര്‍ണബിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.