Connect with us

National

ഒടുവില്‍ മഅ്ദനി കേരളത്തിലേക്ക്...

Published

|

Last Updated

ബെംഗളൂരു: സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഈ മാസം ആറിന് കേരളത്തിലേക്ക് തിരിക്കും. വിമാനമാര്‍ഗമാണ് അദ്ദേഹം കേരളത്തിലെത്തുക.

ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. 14 ദിവസത്തെ കേരള സന്ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പോലീസിന്റെ മുഴുവന്‍ ചെലവും മഅ്ദനി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, മഅദനിയുടെ സുരക്ഷാ ചെലവായി വന്‍തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുരക്ഷ ഉറപ്പാക്കുന്ന 19 ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തെ ചെലവിനായി 18 ശതമാനം ജി എസ ്ടി നികുതിയും വാഹന വാടകയും ഉള്‍പ്പടെ 14,79,875.76 രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക പോലീസിന്റെ ആവശ്യം. ഇതോടെ മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തിലായി. കര്‍ണാടക സര്‍ക്കാറിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.

കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വന്‍ തുക സുരക്ഷാ ചെലവില്‍ ഉള്‍പ്പെടുത്തിയ കര്‍ണാടക പോലീസിന്റെ ആവശ്യം പുനപ്പരിശോധിക്കണമെന്നും സുരക്ഷ നല്‍കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ്, സുരക്ഷാ ചെലവ് 1,18,000 രൂപയായി വെട്ടിച്ചുരുക്കിയതായി കര്‍ണാടക കോടതിയെ അറിയിച്ചത്.ഇത് മഅ്ദനിയുടെ അഭിഭാഷകര്‍ അംഗീകരിക്കുകയും ചെയ്തു.

നേരത്തെ അനുവദിച്ചിരുന്ന സമയക്രമത്തില്‍ നാല് ദിവസം കഴിഞ്ഞതിനാല്‍ കേരളത്തില്‍ തങ്ങേണ്ട സമയവും കോടതി നീട്ടി നല്‍കി. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. ഇത് ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാക്കി സുപ്രീം കോടതി നീട്ടി നല്‍കുകയായിരുന്നു.

Latest