കോണ്‍ഗ്രസിനെ പിന്നിലാക്കി; രാജ്യസഭയില്‍ ബിജെപി വലിയ ഒറ്റക്കക്ഷി

Posted on: August 4, 2017 12:40 pm | Last updated: August 4, 2017 at 12:40 pm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ചരിത്രത്തിലാദ്യമായാണ് രാജ്യസഭ എംപിമാരുടെ എണ്ണത്തില്‍ ബിജെപി, കോണ്‍ഗ്രസിനെ മറികടന്നത്. മധ്യപ്രദേശിലെ സമ്പാദ്യ ഉകി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഭയില്‍ ബിജെപി കോണ്‍ഗ്രസിനെ മറികടന്നത്. കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ഉകി രാജ്യസഭയിലെത്തിയത്.

നിലവില്‍ ബിജെപിക്ക് 58 ഉം കോണ്‍ഗ്രസിന് 57 ഉം അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയില്‍ ആവശ്യമായ ഭൂരിപക്ഷത്തില്‍ വളരെ പിന്നിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി.
അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങളിലെ ഒന്‍പത് സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. എന്നാല്‍, ഇത് ബിജെപിയുടെ അംഗബലത്തെ സ്വാധീനിക്കാനിടയില്ല.

ബംഗാളില്‍നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംപിമാരുടെ കാലാവധി ഇത്തവണ അവസാനിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിനാല്‍ ഇത്തവണ ഒരാളെ മാത്രമേ കോണ്‍ഗ്രസിന് വിജയിപ്പിക്കാനാകൂ.

അതേസമയം, അടുത്ത വര്‍ഷം രാജ്യസഭാ എംപിമാരുടെ എണ്ണത്തില്‍ ബിജെപിക്കു വലിയ മുന്നേറ്റമുണ്ടാകും. വിവിധ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തോടെ ബിജപിക്ക് ഒഴിവുവരുന്ന ഒമ്പത് സീറ്റുകളില്‍ എട്ടിലും ജയിക്കാനാകും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും രാജ്യസഭയിലെ എണ്ണക്കുറവ് ബിജെപിക്ക് പലപ്പോഴും തിരിച്ചടിയായിരുന്നു. വിവിധ വിഷയങ്ങളിലെ നിയമനിര്‍മാണമടക്കമുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ബിജെപിക്ക് സാധിച്ചിരുന്നില്ല.