Connect with us

Kerala

മഅ്ദനിയുടെ സുരക്ഷാ ചെലവ്: രാജഭരണകാലത്ത് കപ്പം ആവശ്യപ്പെടുന്നതിന് സമാനം- പിഡിപി

Published

|

Last Updated

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് പി ഡി പി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
മഅ്ദനിയുടെ സുരക്ഷാ ചെലവ് സ്വയം വഹിക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശമാണ് സുപ്രീംകോടതി നടത്തിയത്. ഇത് കര്‍ണാടക സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ്.

മാന്യതയുണ്ടെങ്കില്‍ കോടതി നിരീക്ഷണം കണക്കാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുകയാണ് വേണ്ടത്. അദ്ദേഹമതിന് തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ ഇടപെടണം.
രാജഭരണകാലത്ത് കപ്പം ആവശ്യപ്പെടുന്നതിന് സമാനമാണ് മഅ്ദനിയില്‍ നിന്ന് സുരക്ഷാ ചെലവ് ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്. ഇതിനുമുമ്പ് മൂന്ന് തവണ മഅ്ദനി കേരളത്തില്‍ വന്നുപോയപ്പോള്‍ ഇത്രയധികം തുക കെട്ടിവെക്കേണ്ടി വന്നിരുന്നില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങളൊന്നും കേരളത്തില്‍ ഉണ്ടായതുമില്ല.

സുരക്ഷ ഒരുക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് ധിക്കാരപരമായ സമീപനമാണ്. സിദ്ധരാമയ്യയുടെ പിടിവാശി മാത്രമാണ് ഇതിന് പിന്നിലെന്നും പൂന്തുറ സിറാജ് ആരോപിച്ചു.

Latest