വിദ്യാഭ്യാസ വായ്പാ തിരിച്ചടവ്; വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം

Posted on: August 4, 2017 11:40 am | Last updated: August 4, 2017 at 11:40 am
SHARE

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഗുണഭോക്താക്കളായ കുട്ടികള്‍ നിര്‍വഹിക്കുന്നു. ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായിരിക്കും. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് ശിവകുമാര്‍, എം എ വിദ്യാ മോഹന്‍, ജി കെ മായ പങ്കെടുക്കും.

നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷം 90 ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവുമാണ് സര്‍ക്കാര്‍ വിഹിതം.
2016 മാര്‍ച്ച് 31നോ, അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാല് ലക്ഷം വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ സഹായം ലഭിക്കും. നാല് ലക്ഷത്തിന് മേല്‍ ഏഴര ലക്ഷം വരെയുള്ള വായ്പയുടെ കുടിശിക തുകയുടെ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ വിഹിതമായി ലഭിക്കുക. പഠനകാലയളവിലോ, വായ്പാ കാലയളവിലോ അപകടം മൂലമോ, അസുഖം മൂലമോ ശാരീരികമായോ, മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ, മരണപ്പെട്ട് പോയതോ ആയ വിദ്യാര്‍ഥികളുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇത്തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അപേക്ഷാ സമര്‍പ്പണവും തുടര്‍ നടപടികളും പൂര്‍ണമായും ഓണ്‍ലൈനിലാണ്.

നാളെ മുതല്‍ erls.kerala. gov.in എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാകും. രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡു ചെയ്യുകയാണ് ആദ്യപടി. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബേങ്കിന് സമര്‍പ്പിക്കണം. ബേങ്കിന്റെ പരിശോധന തീരുന്ന മുറക്ക് ഉപഭോക്താവിന്റെ വിഹിതം അടച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ വിഹിതം ബേങ്കിന് നല്‍കും.
ആറ് ലക്ഷം രൂപയാണ് അപേക്ഷകരുടെ വരുമാനപരിധി. നഴ്‌സിംഗിനൊഴികെ മറ്റ് കോഴ്‌സുകള്‍ക്കൊന്നും മാനേജ്‌മെന്റ്, എന്‍ ആര്‍ ഐ ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ല. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here