ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം കറങ്ങിയ ഡി ഐ ജിക്ക് താക്കീത്

Posted on: August 4, 2017 11:28 am | Last updated: August 4, 2017 at 11:28 am

തിരുവനന്തപുരം: സീരിയല്‍ നടിക്കൊപ്പം സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി ഐ ജിയെ താക്കീത് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17ന് പ്രമുഖ സീരിയല്‍ നടി അര്‍ച്ചനയുമൊത്ത് ജയില്‍ ഡി ഐ ജി ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയിലേക്ക് പോയെന്നും അവിടുന്ന് മറ്റു പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്തുവെന്നും ജയില്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി ലഭിച്ചിരുന്നു. ജയില്‍ മേധാവി ആര്‍ ശ്രീലേഖ തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാണ് ഐ ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

പരാതിയെ തുടര്‍ന്ന് ഐ ജി ഗോപകുമാര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി ആര്‍ ശ്രീലേഖ, പ്രദീപിനെ താക്കീത് ചെയ്തത്. ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും താക്കീത് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. അന്വേഷണത്തില്‍ സീരിയല്‍ നടി യുമായി ഡി ഐ ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചു. ഈ സമയം വാഹനത്തില്‍ നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി താക്കീതില്‍ ഒതുക്കിയത്.
പ്രമുഖ നടന്‍ അവസാന നിമിഷം പിന്മാറിയപ്പോള്‍, പത്തനംതിട്ട ജില്ലാ ജയില്‍ ക്ഷേമദിനാഘോഷത്തിന് ബന്ധുവായ നടിയെയും പിതാവിനെയും പ്രദീപ് ഔദ്യോഗിക വാഹനത്തില്‍ എത്തിച്ചതായി മാത്രമേ കണ്ടെത്തിയുള്ളൂവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാ ജില്ലകളിലും ജയില്‍ ദിനാഘോഷത്തിനും മറ്റ് പരിപാടികള്‍ക്കും ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിക്കുന്നതാണ് ജയില്‍ വകുപ്പിലെ രീതി. ഇതുപ്രകാരം നടന്‍ പക്രുവിനെയാണ് കഴിഞ്ഞ മാര്‍ച്ച് 12ന് പത്തനംതിട്ട ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. അവസാന നിമിഷം അസൗകര്യമറിയിച്ച് പക്രു പിന്മാറിയതോടെ പത്തനംതിട്ടയുടെ ചുമതലയുള്ള പ്രദീപ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വലഞ്ഞു.
പത്തനംതിട്ടയിലെ ജയില്‍ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം പ്രദീപ് ബന്ധുവിനോട് സംസാരിച്ച് നടിയെ ജയില്‍ ക്ഷേമദിനാഘോഷത്തില്‍ പങ്കെടുപ്പിക്കാന്‍ സൗകര്യമൊരുക്കി. അമ്പലംമുക്കിലെ ഇവരുടെ വസതിയില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയിലെ ചടങ്ങില്‍ നടിയെ എത്തിച്ചു. നടിയുടെ പിതാവും വാഹനത്തിലുണ്ടായിരുന്നുവെന്നും ഐ ജി ഗോപകുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീരിയല്‍ നടിയുമായി ഡി ഐ ജി പ്രദീപ് പത്തനംതിട്ട ജയിലില്‍ എത്തിയശേഷം എങ്ങോട്ടു പോയെന്നോ, വാഹനത്തിന്റെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ലോഗ് ബുക്കോ പരിശോധിച്ചല്ല ഐ ജി അന്വേഷണ റിപ്പോര്‍ട്ടു തയ്യാറാക്കിയതെന്നും ആക്ഷേപം ഉണ്ട്. ജയില്‍ ഡി ഐ ജിപ്രദീപിനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡി ഐ ജിയുടെ ഉറ്റസുഹൃത്തുകൂടിയായ ഐ ജി ഗോപകുമാര്‍ പലതും മറച്ചുവെച്ചുവെന്നും ആക്ഷേപമുണ്ട്്.