ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ നീരജ് നയിക്കും

Posted on: August 4, 2017 11:00 am | Last updated: August 4, 2017 at 11:00 am

ലണ്ടന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ 25 അംഗ സംഘത്തെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര നയിക്കും. ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡിനുടമയാണ് നീരജ് ചോപ്ര.2003 മുതല്‍ മെഡല്‍ ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യക്ക് ഇത്തവണ നീരജ് ചോപ്രയില്‍ വലിയ പ്രതീക്ഷയുണ്ട്.
2003 ല്‍ അഞ്ജുബോബി ജോര്‍ജ് മെഡല്‍ നേടിയതാണ് അവസാന സംഭവം.

1983 മുതല്‍ ഇന്ത്യ എല്ലാ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.
ഭുവനേശ്വറില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തോടെ ചരിത്രം സൃഷ്ടിച്ച ഇന്ത്യ ലണ്ടനില്‍ നിന്ന് വെറും കൈയ്യോടെ മടങ്ങില്ലെന്നാണ് അനുമാനം.മലയാളി അത്‌ലറ്റ് പി യു ചിത്രയെ തഴഞ്ഞതിലൂടെ ഏറെ വിവാദമായിരുന്നു ഇന്ത്യയുടെ ലോക അത്‌ലറ്റിക്‌സ് വരവ്.

2015 ബീജിംഗ് ഒളിമ്പിക്‌സില്‍ പതിനാറംഗ ഇന്ത്യന്‍ ടീമിനെയാണ് ഇന്ത്യ പങ്കെടുപ്പിച്ചത്. മൂന്ന് താരങ്ങള്‍ ഫൈനല്‍ റൗണ്ടിലെത്തിയതായിരുന്നു ആശ്വാസം. പുരുഷ ഷോട് പുട്ടില്‍ ഇന്ദര്‍ജീത് സിംഗും പുരുഷ ഡിസ്‌കസില്‍ വികാസ് ഗൗഡയും വനിതാ ഹെപ്റ്റാത്‌ലണില്‍ ലളിത ബാബറുമാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. ഇത്തവണ ഏറെയും പുതുമുഖങ്ങളാണ് ടീമിലുള്ളത്.
അതേ സമയം 20 കി.മീറ്റര്‍ റേസ് വാക്കര്‍ കുശ്ബീര്‍ കൗറും റിലേ ടീം അംഗങ്ങളായ എം ആര്‍ പൂവമ്മയും ജിസ്‌ന മാത്യുവും അനു രാഘവനും പരിചയ സമ്പന്നരാണ്.
ഇന്ന് ദീര്‍ഘദൂര ഓട്ടത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ ഏഷ്യന്‍ ചാമ്പ്യന്‍ ഗോവിന്ദന്‍ ലക്ഷ്മണക്ക് ഭുവനേശ്വറിലെ ഗെയിംസില്‍ സ്വര്‍ണം നേടാന്‍ സാധിച്ചെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് കടക്കുവാന്‍ സാധിച്ചില്ല.