തക്കാളി വില വര്‍ധവിനെതിരെ സ്‌റ്റേറ്റ് ബാങ്ക്‌ ഓഫ് ടൊമാറ്റോ എന്ന പേരില്‍ കോണ്‍ഗ്രസ് പ്രതിരോധം

Posted on: August 3, 2017 10:13 pm | Last updated: August 4, 2017 at 12:17 pm

ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നതിനെതിരെ ഉത്തര്‍പ്രദേശില്‍ വ്യത്യസ്തമായൊരു പ്രധിരോധം കൊണ്ട് ശ്രദ്ദേയമാവുകയാണ് കോണ്‍ഗ്രസ്. വില കൂടിയതോടെ പച്ചക്കറി ചന്തയില്‍ താരമായ തക്കാളിക്ക് വേണ്ടി സ്‌റ്റേറ്ര് ബാങ്ക് ഓഫ് ടൊമാറ്റോ എന്ന പേരില്‍ ബാങ്ക് രൂപീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കുറച്ച് മാസം മുമ്പ് കിലോഗ്രാമിന് പത്ത്രൂപ പോലും കിട്ടാതിരുന്ന തക്കാളിക്ക് ഇപ്പോള്‍ നൂറ് രൂപയ്ക്ക് പുറത്താണ് വില. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ലഖ്‌നൗ കേന്ദ്രമാക്കി ബാങ്ക് തുടങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.തക്കാളിക്ക് വേണ്ടി ആകര്‍ഷകമായ ഓഫറുകളാണ് ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്.

തക്കാളി വാങ്ങാന്‍ 80 ശതമാനത്തിലധികം വായ്പ, ലോക്കര്‍ സൗകര്യം, നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ തുടങ്ങിയ സേവനങ്ങളാണ് ബാങ്കിന്റെ ഓഫര്‍. അരക്കിലോ തക്കാളി ബാങ്കില്‍ നിക്ഷേപിച്ചാല്‍ അത് ആറു മാസത്തിനകം ഒരു കിലോയായി ഉയരും. സാധാരണ ബാങ്കുകളെപ്പോലെ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് തക്കാളി ബാങ്കിന്റെയും പ്രവര്‍ത്തനം. നേരത്തെ, മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു പച്ചക്കറി ചന്തയില്‍ തക്കാളി കൊണ്ട് വന്ന ട്രക്കിന് തോക്കും പിടിച്ച് കാവല്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൃഷിയിടങ്ങളില്‍ നിന്നും ചന്തയിലെത്തിച്ച തക്കാളികള്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത് വരെ സായുധ കാവല്‍ ഉണ്ടാകുമെന്നാണ് വിവരം. മോഷ്ടാക്കളെ ഭയന്നാണ് കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് കര്‍ഷകര്‍ വിശദീകരിക്കുന്നു.