കറുത്ത മൈലാഞ്ചി അണിഞ്ഞാല്‍ 2000 ദിര്‍ഹം പിഴ

Posted on: August 3, 2017 8:43 pm | Last updated: August 3, 2017 at 10:33 pm

ദുബൈ: കറുത്ത മൈലാഞ്ചി അണിയിക്കുന്നത് ഇനി മുതല്‍ പിഴ ക്ഷണിച്ചുവരുത്തും. അനധികൃതമായതും നിയമ വിധേയമല്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ച് സൗന്ദര്യ വര്‍ധനവിന്റെ പേരില്‍ സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും അധികൃതര്‍ 2000 ദിര്‍ഹം പിഴചുമത്തും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ചു വീടുകളില്‍ സൗന്ദര്യ വര്‍ധക സേവനങ്ങള്‍ ഒരുക്കുന്നതും പിഴക്ക് കാരണമാകും. ദുബൈ നഗരസഭാ പൊതു ജന ആരോഗ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചതാണിക്കാര്യം.

സലൂണുകളിലും വനിതാ ബ്യൂട്ടിപാര്‍ലറുകളിലും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചിട്ടുണ്ട്. ‘കാലാ മൈലാഞ്ചി’ എന്നറിയപ്പെടുന്ന കറുത്ത ഹെന്ന ശരീരത്തില്‍ പുരട്ടിയാല്‍ ചര്‍മത്തിന് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടതിനെതുടര്‍ന്നാണ് അത്തരം ഹാനികരമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള സൗന്ദര്യ വര്‍ധക സേവനങ്ങള്‍ അധികൃതര്‍ സലൂണുകളില്‍ വിലക്കിയത്. നഗരസഭക്ക് കീഴിലെ നിരീക്ഷണ ഉദ്യോഗസ്ഥര്‍ സലൂണുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഗുണമേന്മ പരിശോധനാ വിധേയമാക്കും.
സലൂണുകളില്‍ ബ്ലാക് ഹെന്ന, അനധികൃത വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടനെ അവ പിന്‍വലിക്കണം. അല്ലത്ത പക്ഷം 2000 ദിര്‍ഹം പിഴചുമത്തും. നിയമ ലംഘനങ്ങള്‍ വീണ്ടും പിടിക്കപ്പെട്ടാല്‍ താല്‍ക്കാലികമായി സലൂണുകളുടെ പ്രവര്‍ത്തനാനുമതി പിന്‍വലിക്കുമെന്നും അധികൃതര്‍ ഇറക്കിയ മുന്നറിയിപ്പിലുണ്ട്.

കുട്ടികള്‍ക്ക് ഹാനികരമുണ്ടാകുന്ന രാസ പദാര്‍ഥങ്ങള്‍ അടങ്ങിയതും അനധികൃതമായ രീതിയില്‍ നിര്‍മിച്ചതുമായ കളിപ്പാട്ടങ്ങള്‍ അധികൃതര്‍ കമ്പോളത്തില്‍ നിന്ന് കണ്ടുകെട്ടിയിരുന്നു.