‘കൊലപാതകങ്ങള്‍ ഏറെയും പിണറായിയുടെ നാട്ടില്‍’; ബിജെപി എംപിമാരുടെ പ്രസ്താവനക്കെതിരെ ലോക്‌സഭയില്‍ പ്രതിഷേധം

Posted on: August 3, 2017 3:16 pm | Last updated: August 3, 2017 at 5:42 pm

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ച് ബിജെപി എംപിമാര്‍ നടത്തിയ പ്രസ്താവന ലോക്‌സഭയില്‍ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധത്തിനിടയാക്കി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് എന്ന പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം.

ബിജെപി എംപിമാരായ മീനാക്ഷി ലേഖി, പ്രഹ്ലാദ് ജോഷി എന്നിവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ച് പ്രസ്താവന നടത്തിയത്.
ബുധനാഴ്ച ശൂന്യവേളയിലായിരുന്നു ഇവരുടെ പ്രസ്താവന. ഇരുവരും പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍, എംബി രാജേഷ്, പികെ ശ്രീമതി ഉള്‍പ്പെടെയുള്ള ഇടതു എംപിമാര്‍ ബഹളം വെച്ചു.

 

ഇവര്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാനടപടികള്‍ അല്‍പസമയത്തേക്ക് തടസപ്പെട്ടു. സഭയില്‍ ഇല്ലാത്ത ആളുകളെ പേരെടുത്ത് വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടത് എംപിമാര്‍ ചൂണ്ടിക്കാട്ടി. പി കരുണാകന്‍ എംപിയുടെ പ്രസംഗം അനുവദിക്കാതിരുന്ന സ്പീക്കര്‍ പിന്നീട് അനുമതി നല്‍കി. കേരളത്തില്‍ സിപിഎം പ്രവര്‍ത്തകരും വലിയ തോതില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് കരുണാകന്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യസഭയിലും ഇടത്അംഗങ്ങളുടെ പ്രതിഷേധമുണ്ടായി. കേരളത്തില്‍ സിപിഎം ദളിതരെ കൊന്നൊടുക്കുന്നുവെന്ന വിനയ് സഹസ്രബുദ്ധെയുടെ പ്രസ്താവനക്കെതിരെയായിരുന്നു പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് സഭ അല്‍പനേരം നിര്‍ത്തിവെച്ചു.