മഅ്ദനിയുടെ സുരക്ഷാ ചെലവ് കര്‍ണാടക പുനപ്പരിശോധിക്കണം: സുപ്രീം കോടതി

Posted on: August 3, 2017 10:57 am | Last updated: August 3, 2017 at 7:22 pm
SHARE

ബെംഗളൂരു: കേരളത്തിലേക്ക് വരാന്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് ഭീമമായ സുരക്ഷാ ചെലവ് മുന്നോട്ടുവെച്ച കര്‍ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കേരള യാത്രക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് 15 ലക്ഷത്തോളം രൂപ വേണമെന്ന കര്‍ണാടക പോലീസിന്റെ ആവശ്യം പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സുരക്ഷ നല്‍കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ഇത് ഉള്‍പ്പെടുത്തി ഒരു പുതിയ പട്ടിക സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയ പട്ടിക നാളെ തന്നെ സമര്‍പ്പിക്കാമെന്ന് കര്‍ണാടക സുപ്രീം കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മഅ്ദനിക്ക് സുരക്ഷയൊരുക്കാമെന്ന കേരളത്തിന്റ വാഗ്ദാനം സുപ്രീം കോടതി തള്ളി.

ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍ 14 ദിവസത്തെ കേരള സന്ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പോലീസിന്റെ മുഴുവന്‍ ചെലവും മഅ്ദനി വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ന്യായമായ തുക മാത്രമേ ഈടാക്കാവു എന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മഅ്ദനിക്ക് സുരക്ഷ ഉറപ്പാക്കുന്ന 19 ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തെ ചെലവിനായി 18 ശതമാനം ജി എസ ്ടി നികുതിയും വാഹന വാടകയും ഉള്‍പ്പടെ 14,79,875.76 രൂപ നല്‍കണമെന്നാണ് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്. ന്യായമായ തുകയെ ഈടാക്കുകയുള്ളു എന്ന് കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇതെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യാത്രാ വിവരങ്ങള്‍ സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതം കമ്മീഷണര്‍ ടി സുനില്‍കുമാറിന് കൈമാറാനെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മഅ്ദനിയുടെ അഭിഭാഷകന്‍ പി ഉസ്മാനും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here