കശ്മീരില്‍ ഏറ്റുമുട്ടല്‍; മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

കുല്‍ഗാമില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു
Posted on: August 3, 2017 10:02 am | Last updated: August 3, 2017 at 11:04 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ മേജര്‍ കംലേഷ് പാണ്ഡെ, സൈനികനായ ടെന്‍സിന്‍ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷബാബ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേറ്റു. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

കുല്‍ഗാം ജില്ലയിലെ മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. അടുത്തിടെ, ബേങ്കില്‍ പണം നിറക്കുകയായിരുന്ന വാഹനം ആക്രമിച്ച് അഞ്ച് പോലീസുകാരെ വധിച്ച സംഭവത്തിലെ പ്രതിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.