Connect with us

Kerala

ഹാജിമാരുടെ യാത്രാ തീയതി നാളെ അറിയാം

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരുടെ യാത്ര ഈ മാസം 13നു തുടങ്ങും. ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിനു തലേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിലായി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അടുത്ത തിങ്കളാഴ്ച മുതല്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലായിരിക്കും പ്രവര്‍ത്തിക്കുക. റിട്ട. പോലീസ് സൂപ്രണ്ട് യു അബ്ദുല്‍ കരീമിനെ ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 36 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഹജ്ജ് സെല്‍ ഒമ്പതാം തിയതി മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഹാജിമാരുടെ പാസ്‌പോര്‍ട്ടുകള്‍ മുംബൈയില്‍ നിന്ന് നാളെ ഹജ്ജ് സെല്‍ ഓഫീസിലെത്തും.
ഹജ്ജ് ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സ്ത്രീകള്‍ ഉള്‍പ്പടെ 396 വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 12നു വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷന വഹിക്കും.13 നു കാലത്ത് 6.45 നു 300 ഹാജിമാര്‍ ഉള്‍പ്പെട്ട ആദ്യ വിമാനം ജിദ്ദയിലേക്ക് തിരിക്കും. മന്ത്രി കെ ടി ജലീല്‍ ഫഌഗ് ഓഫ് ചെയ്യും ഹാജിമാര്‍ ഇഹ്‌റാമിലായിരിക്കും യാത്ര പുറപ്പെടുക. ഓരോ ഹാജിയും യാത്ര പുറപ്പെടുന്ന ദിവസവും സമയവും നാളെയോടെ അറിയാനാകും.

കേരളത്തില്‍ നിന്ന് 13,097 പേര്‍ക്ക് ഇതെ വരെ അവസരമായിട്ടുണ്ട്. ഏതാനും പേര്‍ക്കു കൂടി അവസരം ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് 26 വരെ 39 വിമാനങ്ങളാണ് ഹാജിമാരേയും വഹിച്ചു പറക്കുക. അധിക സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ ഒരു വിമാനം കൂടി വിട്ടു നല്‍കുന്നതിന് തയ്യാറെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് വളണ്ടിയര്‍മാര്‍ ഉള്‍പ്പടെ ലക്ഷ ദ്വീപില്‍ നിന്നുള്ള 300 ഉം മാഹിയില്‍ നിന്നുള്ള 36 ഉം ഹാജിമാരും നെടുമ്പാശ്ശേരി വഴിയാണ് ഹജ്ജിനു പുറപ്പെടുന്നത്. ഹാജിമാരുടെ മടക്കം മദീനയില്‍ നിന്നായിരിക്കും.

സെപ്തംബര്‍ 20 നു തുടങ്ങി ഒക്ടോബര്‍ നാലിന് മടക്കയാത്ര അവസാനിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്നലെ ഹജ്ജ് ഹൗസില്‍ നടന്നു. ഹജ്ജ് ക്യാമ്പ് ,ഹജ്ജ് യാത്ര ഒരുക്കങ്ങള്‍ വിലയിരുത്തി. ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. കലക്ടര്‍ അമിത് കുമാര്‍ മീണ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. ഇ കെ അഹമ്മദ് കുട്ടി, അഹമ്മദ് മൂപ്പന്‍, അബ്ദുര്‍ റഹ്മാന്‍ പെരിങ്ങാടി, ശരിഫ് മണിയാട്ടുകുടി, അഹമ്മദ് ബാബു സേട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടരി അബ്ദുര്‍ റഹ് മാന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Latest