മഅ്ദനിയോട് എന്തിന് ഇത്രയും ക്രൂരത?

Posted on: August 3, 2017 8:04 am | Last updated: August 2, 2017 at 11:16 pm

കര്‍ണാടകയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ ഏറെ സന്തോഷിച്ചവര്‍ ഒരുപക്ഷേ മഅ്ദനിയും കുടുംബവുമായിരിക്കും. ചെയ്ത തെറ്റെന്തെന്നറിയാതെ വര്‍ഷങ്ങളായി ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന മഅ്ദനിയുടെ ജാമ്യത്തിന് സഹായകമായ നിലപാട് സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന ‘മതേതര’സര്‍ക്കാറില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ബി ജെ പി സര്‍ക്കാറിനേക്കാള്‍ ക്രൂരമായ സമീപനവും മനുഷ്യത്വമില്ലായ്മയുമാണ് സിദ്ധരാമയ്യ സര്‍ക്കാറില്‍ നിന്ന് അടിക്കടി പ്രകടമാകുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ സ്വീകരിച്ച നിലപാട്. കര്‍ണാടക കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷയെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചപ്പോള്‍, അദ്ദേഹത്തിനും സുരക്ഷാ വിഭാഗത്തിനുമുള്ള ചെലവ് പൂര്‍ണമായും മഅ്ദനി വഹിക്കണമെന്നാവശ്യപ്പെട്ട് യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്. 16 ലക്ഷത്തോളം രൂപയുടെ കണക്കാണ് മഅ്ദനിയുടെ അഭിഭാഷകന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത്.

ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ നേരത്തെ മഅ്ദനി കേരളത്തിലെത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ സുരക്ഷക്കായി കര്‍ണാടക പോലീസിന്റെ പത്തംഗ സായുധസേന റോഡ് മാര്‍ഗവും മറ്റൊരു സംഘം മഅ്ദനിക്കൊപ്പം വിമാനമാര്‍ഗവും കേരളത്തിലെത്തിയപ്പോള്‍ അന്നത്തെ എട്ട് ദിവസത്തെ ജാമ്യക്കാലത്തെ സുരക്ഷാ ചെലവ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കര്‍ണാടക സര്‍ക്കാറാണ് വഹിച്ചത്. അതിനു മുമ്പ് മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തെ പ്രത്യേകാനുമതി ലഭിച്ചപ്പോഴും സുരക്ഷാ ചെലവ് വഹിച്ചത് സര്‍ക്കാറാണ്. എന്തേ അന്നില്ലാത്ത ഒരു വ്യവസ്ഥ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചു? സുപ്രീംകോടതിയില്‍ നിന്നു ജാമ്യം ലഭിക്കാതിരിക്കാന്‍ നടത്തിയ കളികളൊക്കെ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം മുടക്കുക എന്നതിലപ്പുറം മറ്റൊരു താത്പര്യവും ഇതിന് പിന്നിലില്ല.
സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന കര്‍ണാടകയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതിയുടെ നിലപാടിലും അസാംഗത്യമുണ്ട്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രഷാന്ത് ഭൂഷണ്‍ ചോദിച്ചത് പോലെ, ഒരു തവണ നിരപരാധിത്വം തെളിയിച്ച മനുഷ്യനെ വീണ്ടും വിചാരണത്തടവിലിട്ട ശേഷം നല്‍കുന്ന പൊലീസ് സുരക്ഷയുടെ ചെലവ് തടവുകാരന്‍ വഹിക്കണമെന്നു പറയുന്നതിന്റെ നിയമവശമെന്താണ്? പരമോന്നത കോടതി ഈ ചോദ്യത്തിന് മുമ്പില്‍ ഉത്തരം മുട്ടുകയാണുണ്ടായത്.
ജാമ്യം തടവുകാരുടെ അവകാശമാണ്. ഔദാര്യമല്ല. ഇന്ത്യന്‍ ക്രിമിനല്‍ നടപടി ക്രമം 437 മുതല്‍ 439 വരെയുള്ള വകുപ്പുകളില്‍ ജാമ്യം ലഭിക്കാനുള്ള ഇന്ത്യന്‍ പൗരന്റെ അവകാശം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ ചില കൊടുംകുറ്റവാളികള്‍ വരെ ജയില്‍ കാണുകപോലും ചെയ്യാതെ ജാമ്യം നേടുന്നുണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് ബന്ധുമിത്രാദികളോടൊത്ത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു പോലും കേരളാ ഹൈക്കോടതി ജാമ്യം നല്‍കി. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രമുഖ നേതാക്കളാരും ജയിലില്‍ കിടന്നിട്ടില്ല. എന്നിട്ടും കേവല സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലൊക്കെ പ്രോസിക്യൂഷന്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നതെന്തു കൊണ്ടാണ്? രോഗികളായ തടവുകാരുടെ ജാമ്യത്തിന്റെ കാര്യത്തില്‍ നീതിപീഠങ്ങള്‍ ഉദാരത കാണിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കണ്ണിന്റെ കാഴ്ച നഷ്ടമായ, ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ട, കിഡ്‌നികള്‍ക്കും തകരാര്‍ സംഭവിച്ച, കടുത്ത പ്രമേഹ രോഗിയായ, ഡിസ്‌കിന് തകരാര്‍ സംഭവിച്ച മഅ്ദനി എന്തുകൊണ്ടും ജാമ്യത്തിന് അര്‍ഹനല്ലേ?

നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതര വര്‍ഷക്കാലം ജയിലില്‍ കിടന്ന മഅ്ദനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചതാണ്. പ്രോസിക്യൂഷന്‍ കിണഞ്ഞുപരിശ്രമിച്ചിട്ടും ആ കേസില്‍ പങ്ക് തെളിയിക്കാനായില്ല. ബംഗളൂരു സ്ഫടനത്തിന് മുന്നോടിയായി കുടകില്‍ നടുന്നുവെന്ന് പറയപ്പെടുന്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന കുറ്റമാരോപിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ജയിലിലടച്ചത്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നും 2007 ആഗസ്റ്റ് ഒന്നിന് വിട്ടയക്കപ്പെട്ട മഅ്ദനിക്ക് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എപ്പോഴും രണ്ട് ഗണ്‍മാന്മാര്‍ കൂടെയുണ്ടാകുമായിരുന്നു. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്നുതന്നെ വിവരം നല്‍കണം. തിരുവനന്തപുരത്തെ ഐ ബി ഹെഡ്‌കോര്‍ട്ടേഴ്‌സിലേക്ക് ഈ സന്ദേശം അയച്ചിരിക്കണം. ഇത്രയും കനത്ത സുരക്ഷക്കിടയില്‍ മഅ്ദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത്? ഗൂഢാലോചനയില്‍ പങ്കാളിയായത്? നിയമത്തിന്റെ നിഷ്പക്ഷതക്ക് മുമ്പില്‍ ഒരു ചോദ്യചിഹ്നമായ മഅ്്ദനിയെ ഭരണകൂട ഭീകരതയുടെ ഇരകൂടിയായി ചരിത്രം രേഖപ്പെടുത്താതിരിക്കില്ല.