സ്വാശ്രയം: സര്‍ക്കാറിനെ പഴിചാരും മുമ്പ്

Posted on: August 3, 2017 8:51 am | Last updated: August 2, 2017 at 11:03 pm

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റ് മനഃപൂര്‍വം മാനേജ്‌മെന്റുകള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണെന്നും അലോട്ട്‌മെന്റ് നടപടികള്‍ ആകെ അലങ്കോലപ്പെട്ടിരിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണ്. മുന്‍കാലങ്ങളില്‍ മാനേജ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത ചൂഷണത്തിന് തടയിടാനുള്ള നടപടികളാണ് സര്‍ക്കാര്‍ 2016 ലും 2017 ലും സ്വീകരിച്ചത്. മാനേജ്‌മെന്റിന്റെ ഒരു വാദഗതികള്‍ക്കും വഴങ്ങില്ല എന്ന ഉറച്ച തീരുമാനം ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. അലോട്ട്‌മെന്റ് നടപടികളാണെങ്കില്‍ സുപ്രീം കോടതി നര്‍ദേശിച്ച തീയതികളില്‍ ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനുമുള്ള നടപടികള്‍ പരീക്ഷാ കമ്മീഷണറുടെ ഭാഗത്തുനിന്നു സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ കേരളാ ഗവണ്‍മെന്റ് തയ്യാറാക്കുന്ന എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നാണ് മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തിയിരുന്നത്. ആ സമയത്ത് സര്‍ക്കാര്‍ സ്വാശ്രയകേളജുകളുമായി ചര്‍ച്ച നടത്തി 50 ശതമാനം സീറ്റുകളില്‍ കുറഞ്ഞ ഫീസില്‍ സാധാരണക്കാരായ കുട്ടികളെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും 50 ശതമാനം മെറിറ്റ്, 50 ശതമാനം മാനേജ്‌മെന്റ് എന്ന രീതി ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. മാനേജ്‌മെന്റ് സീറ്റില്‍ ചേരുന്ന കുട്ടികളില്‍ നിന്ന് വളരെ ഉയര്‍ന്ന ഫീസും തലവരിപ്പണവും ഈടാക്കി മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നു. മാനേജ്‌മെന്റ് സീറ്റില്‍ കോഴ വാങ്ങുന്നതിന് വേണ്ടി യു ഡി എഫ് കാലത്ത് റാങ്ക് ലിസ്റ്റിന്റെ ഏറ്റവും അവസാനത്തെ കുട്ടികളെപ്പോലും പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത കുട്ടികളെപ്പോലും പ്രവേശിപ്പിച്ചതായി പരാതി വന്നു. കൂടാതെ 50:50 കരാര്‍ എന്ന് തത്വത്തില്‍ പറഞ്ഞെങ്കിലും മുന്‍ യു ഡി എഫ് ഗവണ്‍മെന്റ് കാലത്ത് ആറ് കോളജുകള്‍ മാത്രമാണ് കരാറില്‍ ഒപ്പിട്ടത്. മറ്റ് കോളജുകളില്‍ മുഴുവന്‍ സീറ്റുകളിലും മേല്‍പ്പറഞ്ഞ കച്ചവടമാണ് നടന്നത്.

2016 ഓടെ സ്ഥിതി ആകെ മാറി. കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കുന്ന (നീറ്റ്) മെറിറ്റ് ലിസ്റ്റില്‍ നിന്ന് മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചു. ഗവണ്‍മെന്റ് മെഡി. കോളജുകളിലും സ്വകാര്യ മെഡി. കോളജുകളിലും നീറ്റ് മെറിറ്റില്‍ നിന്നു മാത്രമേ അലോട്ട്‌മെന്റ് നടത്താവൂ എന്ന സ്ഥിതി വന്നു. ഈ വിധി വരുമ്പോഴേക്കും കേരളത്തില്‍ സാധാരണപോലെ കേരള എന്‍ട്രന്‍സ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ആയതിനാല്‍ കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മാനേജ്‌മെന്റുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളിലേക്കും കേരള ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താന്‍ അനുവാദം തരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും മുഴുവന്‍ സീറ്റുകളിലേക്കും ഗവണ്‍മെന്റ് തന്നെ അലോട്ട്‌മെന്റ് നടത്തുന്നതാണ് ഉചിതമെന്ന കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്ത് അങ്ങനെ പ്രവേശനം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. എല്ലാ സീറ്റുകളിലും അലോട്ട്‌മെന്റ് നടത്താനുള്ള അവകാശം അവര്‍ക്ക് വിട്ടുകൊടുക്കണമെന്ന് വാദിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ 50:50 എന്ന കരാറിനു വേണ്ടി നടത്തിയ ചര്‍ച്ചയില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഹൈക്കോടതി 100 ശതമാനം സീറ്റുകളിലും മാനേജ്‌മെന്റിന് തന്നെ അലോട്ട്‌മെന്റ് നടത്താം എന്ന വിധിയാണ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി ലഭ്യമായതിന് ശേഷം സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഈ ഘട്ടത്തില്‍ അപ്പീല്‍ പോയാല്‍ ഒരുപക്ഷേ സുപ്രീം കോടതി കീഴ് കോടതിയുടെ വിധി ശരിവെക്കാന്‍ ഇടയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനാല്‍ മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്ത് 50 ശതമാനം മെറിറ്റ് സീറ്റായി നിലനിര്‍ത്തുകയും അതില്‍ സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്താനുള്ള സാധ്യത ഉണ്ടാക്കുകയുമാണ് ഉചിതം എന്ന തീരുമാനമനുസരിച്ച് നീങ്ങുകയാണ് ആരോഗ്യവകുപ്പ് ചെയ്തത്. ചര്‍ച്ചയില്‍ എല്ലാ സീറ്റിലും വലിയ തോതില്‍ സീറ്റ് വര്‍ധിപ്പിക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. മെറിറ്റ് വിഭാഗത്തില്‍ വരേണ്ട 50 സീറ്റുകളില്‍ (ആകെ 100 സീറ്റാണെങ്കില്‍) 20 സീറ്റുകളില്‍ 25,000 ഫീസ് എന്നതില്‍ ഒരുമാറ്റവും വരുത്തിയില്ല. ശേഷിക്കുന്ന 30 സീറ്റുകളില്‍ ഇടത്തരക്കാരും ഉയര്‍ന്ന ഇടത്തരക്കാരും അടങ്ങിയതാണ്. ഈ വിഭാഗത്തില്‍ ചര്‍ച്ചയുടെ ഭാഗമായി 50,000 രൂപയുടെ വര്‍ധനവ് അംഗീകരിക്കുകയും 2,50,000 മായി ഫീസ് നിശ്ചയിക്കുകയും പുറമെ മാനേജ്‌മെന്റ് സീറ്റില്‍ 35 സീറ്റുകളില്‍ 11 ലക്ഷവും 15 എന്‍ ആര്‍ ഐ സീറ്റില്‍ 1,30,000 വും ഈടാക്കാന്‍ നിശ്ചയിച്ചു. 20 കോളജുകള്‍ ഈ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായി ആജഘ, ടഋആഇ വിഭാഗത്തില്‍ 25,000 രൂപക്ക് പഠിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു. കണ്ണൂര്‍, കരുണ, കെ എം സി ടി എന്നീ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറുമായുള്ള കരാറിന് തയ്യാറാവാതെ കോടതിയെ സമീപിക്കുകയും അവര്‍ക്ക് മുഴുവന്‍ സീറ്റുകളിലും 10 ലക്ഷം രൂപ ഫീസ് ഈടാക്കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ ഇടപെട്ടു. അപ്പോള്‍ കോടതിവിധി അംഗീകരിക്കണമെന്നും പിന്നീട് കോളജുകളുടെ ചെലവുകള്‍ക്കനുസരിച്ച് ജയിംസ് കമ്മിറ്റി ഫീസ് നിശ്ചയിച്ച് നല്‍കണമെന്നും കോടതി പരാമര്‍ശിച്ചു. 20 കോളജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ എഗ്രിമെന്റ് കോടതി അംഗീകരിക്കുമ്പോള്‍ പ്രത്യേക സൂചന നല്‍കിയിരുന്നു. ഈ വര്‍ഷം (2016) കേരള എന്‍ട്രന്‍സ് പരീക്ഷ നടത്തി നേരത്തെ ലിസ്റ്റ് തയ്യാറാക്കിയതിനാലും നേരത്തെ എഗ്രിമെന്റ് വെച്ചു പോയതിനാലും കോടതി അത് തള്ളിക്കളയുന്നില്ലെന്നും എന്നാല്‍ അടുത്ത വര്‍ഷം (2017) മുതല്‍ നീറ്റ് മെറിറ്റില്‍ നിന്നും മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.
മേല്‍പ്പറഞ്ഞ അവസ്ഥയില്‍ മുഴുവന്‍ സീറ്റുകളിലേക്കും ഒരേ മെറിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുമ്പോള്‍ മാനേജ്‌മെന്റ് മെറിറ്റ് എന്ന് വേര്‍തിരിച്ച് 50:50 എന്ന ധാരണയുണ്ടാക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. എങ്കിലും 25,000 രൂപക്ക് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെട്ടുകൂടാ എന്ന ആഗ്രഹത്തില്‍ മാനേജ്‌മെന്റ് പ്രിതിനിധികളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്താന്‍ തയ്യാറായി. നേരത്തെ തന്നെ ഇത്തരം കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് കരുതി 2017 മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ നേരിട്ട് അലോട്ട്‌മെന്റ് നടത്തുന്നതിനാല്‍ പകുതി സീറ്റില്‍ ഫീസിളവ് നല്‍കാനും പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാനും തങ്ങള്‍ക്ക് കഴിയില്ലെന്നും ആയതിനാല്‍ എല്ലാ സീറ്റിലേക്കും ഉയര്‍ന്ന ഏകീകൃത ഫീസ് വേണമെന്നും അവര്‍ വാദിച്ചു.
ഇത് അംഗീകരിക്കാന്‍ സര്‍ക്കാറിന് കഴിയാതിരുന്നതിനാല്‍ പി ജി കോഴ്‌സുകളുടെ കാര്യത്തില്‍ മാത്രം തീരുമാനമെടുക്കുകയും എം ബി ബി എസ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിയുകയും ചെയ്തു. തുടര്‍ന്ന് 2017 മെയ് 31ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും മാനേജ്‌മെന്റുമായി ചര്‍ച്ച നടന്നു. എം ബി ബി എസ് സീറ്റില്‍ സീറ്റൊന്നിന് 15 ലക്ഷം രൂപയാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവാതെ ചര്‍ച്ച അലസിപ്പിരിഞ്ഞു. കരാറിന്റെ ഭാഗമല്ലാതെ ഫീസ് നിശ്ചയിക്കാന്‍ ഗവണ്‍മെന്റിന് അധികാരമില്ല. ഫീ റഗുലേറ്ററി കമ്മിറ്റിക്കാണ് അതിനുള്ള അധികാരം. ഈ കാര്യത്തില്‍ പൊതുതീരുമാനം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2017 മാര്‍ച്ച് 20ന് സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മാനേജ്‌മെന്റുകളുമായി ഒന്നു കൂടി ചര്‍ച്ച നടത്തണമെന്നും സാധ്യമാണെങ്കില്‍ ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് തന്നെ കൊണ്ടുവരണമെന്നുമുള്ള അഭിപ്രായങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചു. ഇതനുസരിച്ചാണ് രണ്ടാമതും മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 2017 ഏപ്രില്‍ 10ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ആയിരിക്കും അന്തിമമെന്നും എന്നാല്‍ മാനേജ്‌മെന്റുകളുമായി പരസ്പരധാരണക്കുള്ള സാധ്യത ഉപയോഗപ്പെടുത്താമെന്നും ഓര്‍ഡിനന്‍സില്‍ സൂചിപ്പിച്ചിരുന്നു. 2017 ഏപ്രില്‍ 25 മുതല്‍ മെയ് 25 വരെ അസംബ്ലിയായിരുന്നു. ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ തയ്യാറായിരുന്നെങ്കിലും അസംബ്ലി ഷെഡ്യൂള്‍ ചുരുക്കിയതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഓര്‍ഡിനന്‍സ് ലാപ്‌സായതിനാല്‍ 2017 ജൂണ്‍ ഒന്നിന് വീണ്ടും പുതുക്കി. എന്നാല്‍ 2017 ജൂണ്‍ ഏഴിന് ഒരു ദിവസത്തേക്ക് മാത്രമായി അസംബ്ലി ചേരേണ്ടി വന്നു. (ബീഫ് നിരോധനം ചര്‍ച്ച ചെയ്യാന്‍) ഈ ദിവസം ബില്ലുകളുടെ ഓര്‍ഡിനന്‍സ് എടുക്കാന്‍ സാധ്യമായിരുന്നില്ല. ഇതിനാല്‍ ഓര്‍ഡിനന്‍സ് വീണ്ടും ലാപ്‌സാവുകയും 2017 ജൂലൈ 10ന് ഓര്‍ഡിനന്‍സ് വീണ്ടും പുതുക്കുകയും ചെയ്തു. ഇങ്ങനെ രണ്ട് തവണ പുതുക്കേണ്ടി വന്നതിനാലാണ് ഓര്‍ഡിനന്‍സ് വൈകി എന്ന പ്രതീതി ഉണ്ടായത്. ഇതിനിടയില്‍ ഫീ റഗുലേറ്ററി കമ്മിറ്റി ഓരോ സീറ്റിനും അഞ്ചര ലക്ഷം എന്ന ഫീസ് നിശ്ചയിച്ച് പ്രഖ്യാപിച്ചു. ഈ ഫീസ് കൂടുതലാണെന്ന് വിദ്യാര്‍ഥി സംഘടനകളടക്കം എല്ലാവരും വാദിച്ചു. ഫീസ് നിശ്ചയിച്ചത് ഗവണ്‍മെന്റ് അല്ലെന്ന് വ്യക്തമാക്കിയിട്ടും ഗവണ്‍മെന്റിന് നേരെയാണ് ആരോപണങ്ങള്‍ ഉണ്ടായത്.
ഫീ റഗുലേറ്ററി കമ്മിറ്റിയുടെ കാലാവധി തീര്‍ന്നപ്പോള്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതായി വന്നു. പുനഃസംഘടിപ്പിക്കുമ്പോള്‍ പഴയ കമ്മിറ്റി (5 അംഗങ്ങളായി) തന്നെ പുനഃസംഘടിപ്പിക്കുകയും പുതിയ ഓര്‍ഡിനന്‍സില്‍ അത് 10 അംഗങ്ങളാണെന്ന് ഓര്‍ക്കാതിരിക്കുകയും ചെയ്തത് പിശകായി. ഉടനെ ഇത് റദ്ദ് ചെയ്ത് 10 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഫീ റഗുലേറ്ററി കമ്മിറ്റി വീണ്ടും ചേര്‍ന്ന് അഞ്ചരലക്ഷമെന്ന ഫീസ് അഞ്ച് ലക്ഷമായി കുറച്ച് നിശ്ചയിച്ചു. മാനേജ്‌മെന്റിന്റെ കണക്കുകളെല്ലാം പരിശോധിച്ചാല്‍ ഇതിലപ്പുറം കുറക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഫീ റഗുലേറ്ററി കമ്മിറ്റി സ്വീകരിച്ചത്. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് താഴ്ന്ന വരുമാനക്കാരായ 15 ശതമാനം കുട്ടികള്‍ക്ക് മാനേജ്‌മെന്റ് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ഇതിന് കഴിയുന്ന രീതിയില്‍ 15 ശതമാനം എന്‍ ആര്‍ ഐ സീറ്റ് അഞ്ച് ലക്ഷം രൂപ ഫീസ് വര്‍ധിപ്പിക്കാമെന്നും ഫീ റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. മാനേജ്‌മെന്റ് അഞ്ച് ലക്ഷം തീരെ കുറഞ്ഞ ഫീസാണെന്നു പറഞ്ഞ് കോടതിയെ സമീപിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം ഫീസില്‍ വമ്പിച്ച വര്‍ധന എന്നാരോപിച്ചു. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകളും കടുത്ത പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ഫീസ് അംഗീകരിക്കുകയല്ലാതെ ആരോഗ്യ വകുപ്പിനു മാര്‍ഗമുണ്ടായിരുന്നില്ല.
ഈ ഘട്ടത്തില്‍ എം ഇ എസ്, കാരക്കോണം എന്നിവ സര്‍ക്കാറുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് കരാര്‍ ഒപ്പുവെക്കാമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധിപ്പിക്കാതിരിക്കുകയും മുഴുവന്‍ സീറ്റിലും അലോട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാറിനെ സമ്മതിക്കുകയും ചെയ്താല്‍ കരാര്‍ ഒപ്പിടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതനുസരിച്ച് പരിയാരം മെഡിക്കല്‍ കോളജു മാത്രമാണ് സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടത്. മറ്റ് ഒന്‍പത് കോളജുകള്‍ കരാറിന് സന്നദ്ധമാണെന്ന് അറിയിച്ചെങ്കിലും അവയില്‍ പലതും കോടതിയില്‍ നിന്നും ഉയര്‍ന്ന ഫീസ് വര്‍ധിപ്പിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ കരാറില്‍ ഏര്‍പ്പെടാന്‍ വന്നില്ല. കരാറില്‍ ഏര്‍പ്പെട്ടാല്‍ ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ ക്രോസ് സബ്‌സിഡി പാടില്ലെന്നു പറഞ്ഞ് സുപ്രീം കോടതി കരാര്‍ തള്ളിക്കളയുമെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചു. ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെങ്കിലും 25,000 നും 2.5 ലക്ഷത്തിനും കുട്ടികള്‍ക്ക് പഠിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്നതിനു വേണ്ടി സന്നദ്ധരാകുന്ന മാനേജ്‌മെന്റുമായി കരാര്‍ ഒപ്പിടാന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറില്‍ ഏര്‍പ്പെടാത്തവരോട് ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് (സ്‌കോളര്‍ഷിപ്പ് സംവിധാനമടക്കം) ഈടാക്കുന്നതിനാണ് ധാരണയായത്. ഇതല്ലാതെ മറ്റൊരുമാര്‍വും സര്‍ക്കാറിന്റെ മുന്നിലില്ല. ഒരു ദിവസം പോലും പാഴാക്കാതെ അലോട്ട്‌മെന്റ് ആരംഭിക്കുമ്പോഴേക്കും ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.

അലോട്ട്‌മെന്റ് പ്രക്രിയ ആകെ അലങ്കോലമായെന്ന വാദം ഒരിക്കലും ശരിയല്ല. ആഗസ്റ്റ് ഒന്നി നും 31 നും ഇടയില്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഗവ. കോളജുകളിലേക്കുള്ള അലോട്ട്‌മെന്റ് ആരംഭിക്കുകയും യാതൊരു പ്രയാസവുമില്ലാതെ നടക്കുകയും ചെയ്തിട്ടുണ്ട്. (ഒന്നാം ഘട്ട അലോട്ട്‌മെന്റ്) രണ്ടാം ഘട്ട അലോട്ട്‌മെന്റ് കൃത്യസമയത്ത് നടക്കും. കോടതി നടപടികള്‍ പൂര്‍ത്തിയായിട്ടുമാത്രമേ സ്വാശ്രയ കോളജിലെ അലോട്ട്‌മെന്റ് ആരംഭിക്കാവൂ എന്ന കോടതി നിര്‍ദേശം ഉള്ളതിനാല്‍ സര്‍ക്കാറിന് ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ സ്വാശ്രയ കോളജുകളെ പങ്കെടുപ്പിക്കാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും രണ്ടാം ഘട്ട അലോട്ട്‌മെന്റിനോടൊപ്പം സ്വാശ്രയകോളജുകളുടെ അലോട്ട്‌മെന്റും നടക്കും. ആവശ്യമാണെങ്കില്‍ സ്വാശ്രയ കോളജുകള്‍ക്ക് വീണ്ടുമൊരു അലോട്ട്‌മെന്റ് ഏര്‍പ്പെടുത്തും. അതു കഴിഞ്ഞുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റിനു വിട്ടുകൊടുത്ത് കോഴ വാങ്ങാന്‍ സൗകര്യമൊരുക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഇത് അവരുടെ സങ്കല്‍പ്പം മാത്രമാണ്. ഒരു കാരണവശാലും സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണമായും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ ഇതായിരിക്കെ പുതിയ സാഹചര്യവും യാഥാര്‍ഥ്യവും മനസ്സിലാക്കാതെ പ്രതിപക്ഷവും വിദ്യാര്‍ഥി സംഘടനകളും സര്‍ക്കാറിനെ പഴിചാരുന്നത് ശരിയായ രീതിയല്ല. ഇത്തവണ ഗവ. കോളജുകളില്‍ 100 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ (പാരിപ്പള്ളിക്ക് അംഗീകാരം നേടുക വഴി) ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യം വന്നുചേര്‍ന്നിട്ടും അവധാനതയോടെ അതിനെ നേരിടുകയും പ്രശ്‌നങ്ങള്‍ ജനകീയമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുകയും ചെയ്ത0തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ നിരന്തരമായ നിര്‍ദേശങ്ങളും സഹായങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാശ്രയ കോളജുകള്‍ നാടാകെ ആരംഭിക്കാനും ഒരു മാനദണ്ഡവുമില്ലാതെ കോഴ വാങ്ങുന്നതിന് അവരെ അനുവദിക്കാനും തയ്യാറായത് ഇപ്പോഴത്തെ പ്രതിപക്ഷമാണെന്ന കാര്യം ആരും മറക്കരുത്.