അഴിമതി പുറത്തറിയിച്ചെന്ന്; അധ്യാപകന് ബി ജെ പി നേതാക്കളുടെ ക്രൂര മര്‍ദനം

Posted on: August 2, 2017 10:42 pm | Last updated: August 2, 2017 at 10:43 pm

കോഴിക്കോട്: ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട വ്യാജ രസീത് അഴിമതി പുറത്തായതിന്റെ കാരണക്കാരന്‍ എന്നാരോപിച്ച് അധ്യാപകന് ബി ജെ പി നേതാക്കളുടെ മര്‍ദനം. ബി ജെ പിയുടെ പ്രാദേശിക നേതാവും വടകര ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളജിലെ അധ്യാപകനുമായ ശശികുമാറിനെയാണ് നേതാക്കള്‍ മര്‍ദിച്ചത്. ബി ജെ പി കുറ്റിയാടി മണ്ഡലം പ്രസിഡന്റ് പി പി മുരളി അടക്കമുള്ള പ്രവര്‍ത്തകര്‍ക്കെതിരെ ശശികുമാര്‍ പയ്യോളി പോലീസില്‍ പരാതി നല്‍കി.
താനും സ്‌കൂളിലെ അക്കൗണ്ടന്റ് ആയ വിനോദും അറിയാതെ രസീത് പുറത്ത് പോകില്ലെന്ന് പറഞ്ഞാണ് മര്‍ദിച്ചതെന്ന് ശശികുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ കോളജിലെത്തിയ ബി ജെ പി നേതാക്കള്‍ തന്നെ പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും മുന്നിലിട്ട് മര്‍ദിക്കുകയായിരുന്നു. തന്നെ ബന്ദിയാക്കുകയും ഭീഷണിപ്പെടുത്തി വെള്ളപേപ്പറില്‍ ഒരു ജനറല്‍ സെക്രട്ടറിയുടെ അറിവോടെയാണ് താന്‍ രസീത് പുറത്തെത്തിച്ചത് എന്ന് എഴുതി വാങ്ങുകയും ചെയ്തതായി ശശികുമാര്‍ പറയുന്നു. തന്നെ മൂന്ന് മണിക്കൂറിലധികം തടഞ്ഞുവെച്ച് മര്‍ദിച്ചെന്നും കോളജ് അക്കൗണ്ടന്റ് വിനോദിനെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് മുരളിയെ കൂടാതെ, ജനറല്‍ സെക്രട്ടറി എടക്കുടി മനോജ്, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രിപേഷ്, പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ സുനില്‍, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മര്‍ദനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് നടന്ന ബി ജെ പി ദേശീയ കൗണ്‍സിലിന് വേണ്ടിയുള്ള ധനസമാഹരണത്തിനായി എന്ന പേരില്‍ വ്യാജ രസീത് ഉപയോഗിച്ചു നേതാക്കള്‍ കോടികള്‍ പിരിച്ചെടുത്തിരുന്നു. എം എച്ച് ഇ എസ് കോളജിന് നല്‍കിയ വ്യാജരസീത് ആയിരുന്നു ഇതില്‍ പുറത്തായത്.

ശശികുമാറിന്റെ പരാതിയില്‍ പയ്യോളി പോലീസ് നേതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാന കമ്മിറ്റിയംഗം എം മോഹനന്റെ നിര്‍ദേശം പ്രകാരം വടകരയിലെ പ്രസിലാണ് വ്യാജ രസീത് അച്ചടിച്ചത്. കേന്ദ്രനേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയിരുന്നു. പിരിവില്‍ കോഴിക്കോട് ജില്ലയിലെ ബി ജെ പി നേതാക്കളുടെ പങ്കും വ്യക്തമായിട്ടുണ്ട്. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍ നിന്ന് വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയില്‍ ഉണ്ടായിരുന്നത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ എന്നിവരായിരുന്നു.