സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഇടപെടണം: സ്പീക്കര്‍

Posted on: August 2, 2017 9:38 pm | Last updated: August 2, 2017 at 9:38 pm

കാഞ്ഞങ്ങാട്: സമൂഹത്തില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന സംഘടനയായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എല്ലാ വിധത്തിലുളള വിഭാഗീയ ചിന്തകളെയും ഇല്ലാതാക്കുന്നതിന് കമ്മ്യൂണിറ്റി പോലീസിന്റെ യുവജന സാന്നിധ്യമായി എസ് പി സി കേഡറ്റുകള്‍ക്ക് മാറാന്‍ കഴിയണമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഹോസ്ദുര്‍ഗ് ജി എച്ച് എസ് എസില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ എസ് പി സി കേഡറ്റുകള്‍ക്കുളള ജില്ലാതല അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ സവിശേഷമായ ദിശാബോധം നല്‍കുന്ന സാഹചര്യം ഒരുക്കാന്‍ എസ് പി സി സംവിധാനത്തിന് സാധിക്കും. യാന്ത്രികമായി പാഠപുസ്തകങ്ങള്‍ പഠിച്ചുപോകുന്ന കുട്ടികള്‍ക്ക് പിന്നീട് ഒന്നും ഓര്‍ക്കാനുണ്ടാവില്ല. എന്നാല്‍ എസ് പി സി വിദ്യാര്‍ഥികള്‍ക്ക് ചില ഓര്‍മ്മകള്‍ സൂക്ഷിക്കാനും ജീവിതവഴിയില്‍ നല്ല ശീലങ്ങള്‍ പിന്തുടരാനും സാധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. യോഗത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ആമുഖപ്രഭാഷണം നടത്തി. കഴിഞ്ഞവര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ 89 കേഡറ്റുകള്‍ക്ക് ചടങ്ങില്‍ പുരസ്‌കാരം നല്‍കി.