മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം

Posted on: August 2, 2017 7:34 pm | Last updated: August 3, 2017 at 9:21 am

തിരുവനന്തപുരം: അടുത്തിടെ കേരളത്തില്‍ നടന്ന പാര്‍ട്ടി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ പി.സദാശിവം രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എമ്മില്‍ വിലയിരുത്തല്‍. ഇക്കാര്യം വിവാദമാക്കേണ്ടെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്.സംസ്ഥാനത്ത് നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം വിവാദമാക്കി മാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ വലയില്‍ വീഴേണ്ടതില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

അതേസമയം, സംസ്ഥാനത്ത് ബി.ജെ.പിയുമായി നടന്ന അക്രമ സംഭവങ്ങള്‍, തിരുവനന്തപുരം നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ ഐ.പി ബിനുവും എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന സമിതി ഓഫീസ് അടിച്ചു തകര്‍ത്ത വിഷയം, സര്‍വകക്ഷി യോഗത്തിനിടെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് കയര്‍ത്തു സംസാരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യാനിടയുണ്ടെന്നും വിവരമുണ്ട്.

ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം സ്വദേശി രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവം വിവാദമാക്കേണ്ടെന്ന് സി.പി.എമ്മില്‍ ധാരണയായത്‌