സ്വന്തം പ്രസവ വേദനക്കിടയില്‍ മറ്റൊരു പ്രസവമെടുത്ത് ഡോക്ടര്‍ അത്ഭുതമായി

Posted on: August 2, 2017 5:16 pm | Last updated: August 2, 2017 at 5:16 pm

പ്രസവവേദനകൊണ്ട് പുളയുമ്പോള്‍ മനസ്സില്‍ മറ്റൊന്നും ഓര്‍മയുണ്ടാകില്ല. ആ വേദന സഹിച്ച് കുഞ്ഞിനെ പ്രസവിക്കുക എന്ന ഒരേ ഒരു ലക്ഷ്യമേ ഏതൊരു സ്ത്രീയുടെയും മനസ്സിലുണ്ടാകൂ. പേറ്റുനോവുമായി ലേബര്‍ റൂമില്‍ നില്‍ക്കെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ അത്ഭുതമായിരിക്കുകയാണ്. യുഎസിലെ കെന്റക്കി സ്വദേശിയായ അമാന്‍ഡ ഹെസ് എന്ന ഡോക്ടറാണ് അത്ഭുതം കാണിച്ചത്.

ജൂലൈ 23നാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റായ അമാന്‍ഡയെ പ്രസവത്തിനായി കെന്റക്കിയിലെ ആശുപത്രി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു. പ്രസവ വേദന സഹിച്ച് കുഞ്ഞിന്റെ ജന്മം കാത്ത് കഴിയുമ്പോഴാണ് തൊട്ടടുത്ത മുറിയില്‍ നിന്ന് ലീ ഹാലിഡേ എന്ന മറ്റൊരു സ്ത്രീയുടെ കരച്ചില്‍ അവര്‍ കേള്‍ക്കുന്നത്. പൊക്കിള്‍ കൊടി കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റി അത്യന്തം അപകടകരമായ സാഹചര്യത്തിലായിരുന്നു ആ സ്ത്രീ ഉണ്ടായിരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍ ആണെങ്കില്‍ അവിടെ എത്തിച്ചേര്‍ന്നിട്ടുമില്ല. അമാന്‍ഡ പിന്നെ അമാന്തിച്ചു നിന്നില്ല. നേരെ പോയി അവളുടെ പ്രസവമെടുത്തു. മിനുട്ടുകള്‍ പിന്നിട്ടില്ല അമാന്‍ഡയും ഒരു കുഞ്ഞിന് ജന്മം നല്‍കി.

സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. അമാന്‍ഡയുടെ മാതൃത്വത്തിന് ഇരട്ടിമധുരമായെന്നാണ് അവരെക്കുറിച്ച് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.