കുറഞ്ഞ ചിലവില്‍ മഅ്ദനിക്ക് സുരക്ഷ ഒരുക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

Posted on: August 2, 2017 2:50 pm | Last updated: August 2, 2017 at 8:31 pm

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രാ അനിശ്ചിതത്വം നീക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക കേരള മുഖ്യമന്ത്രിമാരുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചു.

മഅ്ദനിക്ക് സുരക്ഷ ഒരുക്കണമെന്ന് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ കുറഞ്ഞ ചെലവില്‍ സുരക്ഷ ഒരുക്കണമെന്നും അദ്ദേഹത്തോട് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം മഅ്ദനിയുടെ യാത്രാ അനിശ്ചിതത്വം നീക്കാന്‍ കര്‍ണാടക സര്‍ക്കാറിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയുമായി ഫോണ്‍ സംഭാഷണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് കേരളത്തിലേക്ക് വരുന്നതിനു വേണ്ട സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ മൂന്നു തവണ കേരളത്തില്‍ വന്നപ്പോഴൊന്നും ഇത്രയും ഭീമമായ തുക ആവശ്യപ്പെടാതിരുന്ന കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ യാത്രയെ തടസപ്പെടുത്താന്‍ ഉദ്ദേശിച്ചു മാത്രമാണ് വന്‍ തുക ആവശ്യപ്പെടുന്നത്. തീക്കൊള്ളികൊണ്ടാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തലചൊറിയുന്നതെന്നും സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.