നടിയെ ആക്രമിച്ച കേസ്: നടി മഞ്ജുവാര്യരുടെ സഹോദരനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു

Posted on: August 2, 2017 2:29 pm | Last updated: August 2, 2017 at 5:04 pm

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരുടെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം മധു വാര്യരുടെ മൊഴിയെടുത്തത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളുടെ മൊഴിയും അന്വേഷണം സംഘം രേഖപ്പെടുത്തുകയാണ്.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണു പൊലീസ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നതു സഹോദരീ ഭര്‍ത്താവാണ്. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള ചോദ്യംചെയ്യലാണു പൊലീസ് നടത്തുന്നത്. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.