ഉത്തര കൊറിയയെ നശിപ്പിക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് ട്രംപ്

  • എന്‍ബിസി ഷോയ്ക്കിടെയാണ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ വെളിപ്പെടുത്തല്‍.
  • മിസൈല്‍ പദ്ധതികളെ തടയിടാന്‍ വേണ്ടി വന്നാല്‍ യുദ്ധത്തിന് തയാറെന്നും ട്രംപ്.
Posted on: August 2, 2017 11:42 am | Last updated: August 2, 2017 at 3:07 pm

വാഷിംഗ്ണ്‍: ഉത്തര കൊറിയയെ നശിപ്പിക്കാന്‍ യുദ്ധവുമായി മുന്നോട്ടു പോവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നോട് പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം.

നേരിട്ടുള്ള യുദ്ധത്തിലൂടെയോ ദീര്‍ഘദൂര ആണവമിസൈല്‍ ഉപയോഗിച്ചോ ഉത്തരകൊറിയയെ തകര്‍ക്കാമെന്ന് ട്രംപ് പറഞ്ഞതായും ലിന്‍ഡ്‌സി ഗ്രഹാം പറഞ്ഞു.
ബുധനാഴ്ച രാവിലെ നടന്ന എന്‍ബിസി ഷോയിലാണ് ലിന്‍ഡ്‌സെ ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയെ മുഴുവന്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് തങ്ങള്‍ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ എന്ന് ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര കൊറിയയുടെ മിസൈല്‍ വികസന പദ്ധതികളെ തടയിടാന്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടു വെക്കുന്ന നയതന്ത്ര ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും സൈനിക മുന്നേറ്റം നടത്തുമെന്നും ഗ്രഹാം തുറന്നു പറഞ്ഞു. നയതന്ത്ര ശ്രമത്തിലൂടെ തടയിടാനാണ് താന്‍ ആഗ്രഹിക്കുന്നതെങ്കിലും ആണവ വാഹക ശേഷിയുള്ള മിസ്സൈല്‍ കൊണ്ട് അമേരിക്കയെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കില്ലെന്ന് ട്രംപ് കടുത്ത ഭാഷയില്‍ പറഞ്ഞതായി ഗ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

20 വര്‍ഷമായി ഉത്തരകൊറിയ അമേരിക്കയോട് നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നത്. ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസ്സൈല്‍ ഉപയോഗിച്ച് അമേരിക്കയെ പ്രഹരിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ഒരു യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് തന്നോട് പറഞ്ഞതായി ഗ്രഹാം അറിയിച്ചു.