ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ‘ഒളിപ്പിച്ച’റിസാര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്‌

Posted on: August 2, 2017 11:00 am | Last updated: August 2, 2017 at 2:38 pm

ബംഗളൂരു: കുതിരക്കച്ചവട ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ‘ഒളിപ്പിച്ചിരിക്കുന്ന’ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 42 എംഎല്‍എമാര്‍ കഴിയുന്ന ഈഗിള്‍ട്ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലാണ് ഇന്നുരാവിലെ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്.

റിസോര്‍ട്ടിന് പുറമെ എംഎല്‍എമാരുടെ താസത്തിന്റെ ചുമതലയുള്ള കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡി.കെ ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലും റിസോര്‍ട്ടിലെ മുറിയിലും റെയ്ഡ് തുടരുന്നു.

ഡികെ ശിവകുമാറിന്റെ വസതി.

പത്ത് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കൊപ്പം സിആര്‍പിഎഫ് സംഘവുമുണ്ടായിരുന്നു. മന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാരെ ബെംഗളൂരിവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആഗസ്റ്റ് എട്ടിനാണ് രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള പ്രവേശനത്തിന് എംഎല്‍എമാരെ കൂടെ നിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് സാമാജികരുടെ അംഗബലം 57ല്‍ നിന്ന് 50 ആയി കുറഞ്ഞിരുന്നു.

ജനാധിപത്യം സംരക്ഷിക്കാനാണു സംസ്ഥാനം വിട്ടതെന്നാണു ബെംഗളുരുവില്‍ കഴിയുന്ന ഗുജറാത്ത് എംഎല്‍എമാര്‍ പറയുന്നത്. ദിവസം അഞ്ച് ലക്ഷം രൂപ വാടകയിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരെ മൈസൂരുവിലെയോ മടിക്കേരിയിലെയോ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.