സുരക്ഷയ്ക്കായി വന്‍തുക; മഅ്ദനി സുപ്രീംകോടതിയിലേക്ക്

  • മഅ്ദനിയുടെ യാത്രയിലെ അനിശ്ചിതത്വം നീക്കാന്‍ കേരളം കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കും.
Posted on: August 2, 2017 11:10 am | Last updated: August 2, 2017 at 2:53 pm

ബംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്കുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. കേരളത്തിലെത്താന്‍ തുകയില്‍ ഇളവുവേണമെന്നു ആവശ്യപ്പെട്ടായിരിക്കും അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുക.

മഅദനിയുടെ സുരക്ഷയ്ക്ക് കര്‍ണാടക പോലീസ് വന്‍തുക ആവശ്യപ്പെട്ടതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. വിമാന ടിക്കറ്റ് കൂടാതെ 14,80,000 രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക താങ്ങാനാവില്ലെന്ന് മഅദനിയുടെ അഭിഭാഷകന്‍ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം മഅ്ദനിയുടെ യാത്രയിലെ അനിശ്ചിതത്വം നീക്കാന്‍ കേരളം കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ ഉറപ്പുനല്‍കിയതായി പിഡിപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹായം അഭ്യാര്‍ത്ഥിച്ച് നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് ഇടപെടുമെന്ന് ഉറപ്പ് നല്‍കിയത്. മുഖ്യമന്ത്രിയുടെ തിരക്കുകാരണം നേരില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും പിഡിപി നേതാക്കള്‍ പറഞ്ഞു.