ഐസിസി ടെസ്റ്റ് റാങ്കിംഗ്; ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി

Posted on: August 2, 2017 9:41 am | Last updated: August 2, 2017 at 9:41 am

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ തന്നെ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കയുടെ രംഗണ ഹെറാത്തിനെ മറികടന്നാണ് അശ്വിന്റെ മുന്നേറ്റം.

ബാറ്റിംഗില്‍ ചേതേശ്വര്‍ പുജാരയാണ് ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ താരം. നാലാം സ്ഥാനം. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 190 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 39ാം സ്ഥാനത്ത് നിന്ന് 21ലേക്ക് കയറി. ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റിംഗില്‍ ഒന്നാമത്. ഇംഗ്ലീഷ് താരം ജോ റൂട്ട് രണ്ടാമതും ന്യൂസിലാന്‍ഡിന്റെ കാന്‍ വില്ല്യംസണ്‍ മൂന്നാമതുമാണ്.

ആള്‍റൗണ്ടര്‍മാരില്‍ ജഡേജയും അശ്വിനും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. ബംഗ്ലാദേശ് താരം ഷാക്കിബല്‍ ഹസനാണ് ഒന്നാമത്.