ഹാഹിസ് സഈദിന്റെ വീട്ടുതടങ്കല്‍ നീട്ടി

Posted on: August 2, 2017 9:28 am | Last updated: August 2, 2017 at 9:28 am

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സഈദിന്റെ വീട്ടുതടങ്കല്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഈ വര്‍ഷം ജനുവരി 31 മുതല്‍ പാക്കിസ്ഥാനില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ജമാഅത്തുദ്ദഅ്‌വ മേധാവി ഹാഫിസ് സഈദ്. കഴിഞ്ഞ ഏപ്രിലില്‍ തടങ്കല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് തടങ്കല്‍ കാലാവധി പിന്നെയും നീട്ടുന്നത്.

കഴിഞ്ഞ ജനുവരി 31നാണ് 1997ലെ തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ച് സഈദിനെയും കൂട്ടാളികളായ അബ്ദുല്ല ഉബൈദ്, മാലിക് സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍റഹ്മാന്‍ ആബിദ്, ഖാസി കാശിഫ് ഹുസൈന്‍ എന്നിവരെയും പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ 90 ദിവസത്തെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. പഞ്ചാബ് മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓഡര്‍ അനുസരിച്ചാണ് ഇപ്പോള്‍ സഈദിന്റെ തടങ്കല്‍ വീണ്ടും നീട്ടിയിട്ടുള്ളത്.

ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം 28ന് പഞ്ചാബ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തടങ്കലില്‍ കഴിയുന്ന ഹാഫിസ് സഈദിനെയും കൂട്ടാളികളെയും മോചിപ്പിച്ചാല്‍ അത് രാജ്യത്ത് സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇടയാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സഈദിന്റെ മോചനം രാജ്യത്തിന്റെ സമാധാനത്തിനും സ്വസ്ഥതക്കും ഭീഷണിയാണ്. ഇയാളുടെ മോചനം രാജ്യത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്.